ഇടുക്കിയില്‍ വാക്കുപാലിച്ച് വനംവകുപ്പ് ഇടുക്കി:സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് ഓരോന്നായി പാലിച്ച് വനംവകുപ്പ്. ബി എല്‍ റാവില്‍ കാട്ടാന തകര്‍ത്ത ആദ്യത്തെ വീട് വാസയോഗ്യമാക്കി. രണ്ടാമത്തെ വീടും ഉടന്‍ നിര്‍മിച്ച് നല്‍കും. പന്നിയാറിലെ റേഷന്‍ കടയ്ക്ക് ഫെന്‍സിങ് ഇടുന്നതിനുള്ള പ്രാഥമിക നടപപടികളും ആരംഭിച്ചു.
ബി എല്‍ റാവില്‍ ഇറങ്ങിയ കാട്ടാന കൂട്ടത്തെ പ്രദേശത്ത് നിന്ന് തുരത്തിയെങ്കിലും ജനവാസ മേഖലയിലേയ്ക്ക് തിരിച്ചെത്താതിരിക്കാന്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ മരിച്ചതിന് ശേഷവും ബി എല്‍ റാവില്‍ കാട്ടാന വീട് തകര്‍ക്കുകയും പത്തോളം കാട്ടാന കൂട്ടം തോട്ടം മേഖലയില്‍ നിലയുറപ്പിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പ്രദേശവാസികൾ ദേശീയ പാത ഉപരോധിച്ചതോടെയാണ് കാട്ടാനകളെ തുരത്തുന്നതിന് ആര്‍ ആര്‍ ടി സംഘത്തെ നിയോഗിച്ചത്.
കൂടാതെ കാട്ടാന തകര്‍ത്ത വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന സാഹചര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട് നിര്‍മിച്ച് നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ അടസ്ഥാനത്തില്‍ കാട്ടാന തകര്‍ത്ത ആദ്യത്തെ വീട് വനംവകുപ്പ് പറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിച്ച് നല്‍കി. രണ്ടാമത്തെ വീടും ഉടന്‍ നിര്‍മിച്ച് നല്‍കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. പന്നിയാറില്‍ കാട്ടാന തകർത്ത റേഷന്‍ കടയ്ക്ക് ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു.
പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന കൂട്ടത്തെ ജനവാസ മേഖലയില്‍ നിന്നും തുരത്തിയിട്ടുണ്ട്. വീണ്ടും തോട്ടം മേഖലയിലേയ്ക്ക് തിരിച്ചെത്താതിരിക്കുന്നതിനുള്ള നിരീക്ഷണവും വനംവകുപ്പ് നടത്തി വരുന്നുണ്ട്. അതേസമയം ആനയെ പ്രദേശത്ത് നിന്ന് പിടിച്ച് മറ്റൊരു താവളത്തിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 31ന് ഇടുക്കിയില്‍ ചേരുന്ന യോഗത്തില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ ശക്‌തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.