ഇടുക്കി: കാര്‍ഷിക വിളകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് രക്ഷയില്ല. പ്രകൃതി ദുരന്തത്തില്‍ കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് തുക വിതരണത്തില്‍ കാലതാമസം നേരിടുന്നതായി പരാതി. കൃഷി നാശം സംഭവിച്ചാല്‍ ഉടന്‍ നഷ്ടപരിഹാരം ലഭ്യമാകുമെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്.
പ്രകൃതി ദുരന്തങ്ങള്‍ മൂലം കൃഷി നാശം സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകാറുള്ളത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. കുറഞ്ഞ നിരക്കില്‍ വിളകള്‍ ഇന്‍ഷ്വര്‍ ചെയ്താല്‍ വിവിധ കാരണങ്ങളാല്‍ നാശം സംഭവിക്കുമ്പോള്‍ അത് വിലയിരുത്തി നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 2019ല്‍ ഇടുക്കിയില്‍ കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് ഇതുവരേയും ഇന്‍ഷുറന്‍സ് തുക ലഭ്യമായിട്ടില്ല.