ഇടുക്കി:റവന്യൂ ജീവക്കാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് മണ്ണെടുത്ത് മാറ്റിയതിനെ തുടർന്ന് സമീപത്തെ വീട് അപകടാവസ്ഥയിലായെന്ന് പരാതി. ഇടുക്കി തൂക്കുപാലത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് വീടിന് സമീപത്ത് നിന്നും മൺതിട്ട ഇടിഞ്ഞ് വീണെന്നും ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ ഹിയറിംഗിന് വിളിപ്പിച്ചിട്ടും റവന്യു ജീവനക്കാരി ഹാജരായില്ലെന്നും ആരോപണമുണ്ട്.
പരാതിക്കാരിയുടെ ആരോപണം
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജയ്‌നമ്മ രാജന്‍റെ വീടിന് മുന്‍ഭാഗത്ത് നിന്നും മണ്ണ് നീക്കം ചെയ്‌തത്. സംരക്ഷണ ഭിത്തി നിര്‍മിച്ച് നല്‍കാമെന്ന വാഗ്‌ദാനത്തോടെയായിരുന്നു മണ്ണ് മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി നിരപ്പാക്കി എടുത്തത്. റവന്യൂവിലും ആരോഗ്യ വകുപ്പിലും ജോലി ചെയ്യുന്ന രണ്ട് പേരുടെ ഉടമസ്ഥയിലുള്ളതാണ് മണ്ണ് നീക്കം ചെയ്‌ത ഭൂമി.
എന്നാൽ പിന്നീട് പല തവണ സംരക്ഷണ ഭിത്തി നിര്‍മിച്ച് തരാന്‍ ഇവരോട് ആവശ്യപെട്ടിട്ടും നടപടി ഉണ്ടായില്ല. രണ്ടാഴ്‌ച മുന്‍പ് പെയ്‌ത ശക്തമായ മഴയില്‍ മണ്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.