പ്രതിസന്ധികളെ അവസരമാക്കിയ ഷൈനി ഇടുക്കി:ഭൂരിഭാഗം ആളുകളും വരുമാനത്തിനായി ഒരു ജോലി അന്വേഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലവിധ ജോലികള്‍ ചെയ്‌ത് കിട്ടിയ അനുഭവ സമ്പത്തുകൊണ്ട് നിരവധി പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന വലിയ ഒരു സംരംഭത്തിന്‍റെ ഉടമയാണ് ഇടുക്കി മുരിക്കുംതൊട്ടി സ്വദേശിനി ഷൈനി എബ്രഹാം. സ്വന്തം അധ്വാനവും പരിശ്രമവും കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച ഷൈനി ഈ വനിത ദിനത്തില്‍ വനിതകള്‍കക്ക് ഒരു മാതൃകയും പ്രചോദനവുമാണ്.
എന്നാല്‍ ഇന്നു കാണുന്ന ഷൈനി എബ്രഹാമിന്‍റെ വിജയത്തിന് പിന്നില്‍ കണ്ണീരിന്‍റെയും കഷ്‌ടപ്പാടിന്‍റെയും ഉപ്പ് രസമുണ്ട്. ജീവിതത്തില്‍ വലിയ പ്രതിസന്ധികളില്‍ ഉണ്ടായപ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ച് നിന്നൊരു ഷൈനി ഉണ്ടായിരുന്നു. പ്രതിസന്ധികളെ മറികടക്കാന്‍ വളരെ തുശ്ചമായ വരുമാനത്തില്‍ നിരവധി ജോലികള്‍ ചെയ്‌തു.
എന്നാല്‍ ആ ജോലികള്‍ക്കൊന്നും ഷൈനിയുടെ കഷ്‌ടപ്പാട് കുറയ്‌ക്കാനായില്ല. അതോടെ ഈ ജോലികള്‍ കൊണ്ടൊന്നും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന് ഷൈനിയ്ക്ക് മനസിലാവുകയും ചെയ്‌തു. ആകെ തകര്‍ന്നിരുന്ന സമയത്താണ് സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്ന ചിന്ത ഷൈനിയുടെ മനസില്‍ കയറിക്കൂടിയത്.
തുണിക്കട ആരംഭിച്ച് തുടക്കം:പിന്നീട് പുതിയൊരു സംരംഭത്തിനായുള്ള പദ്ധതികള്‍ ആരംഭിച്ചു. അഞ്ച് വര്‍ഷം മുമ്പ് ഷൈനി ചെറിയൊരു കട ആരംഭിച്ചു. വനിതകള്‍ക്കുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു കൊച്ചു കടയായിരുന്നു അത്. പ്രാദേശിക വില്‍പന ആയിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ ഈ കടയും പ്രതിസന്ധിയിലായി.
കടയില്‍ എത്തിച്ച് നല്‍കുന്ന വസ്ത്രങ്ങളുടെ ഗുണനിലവാരം ആയിരുന്നു ഷൈനി നേരിട്ട വെല്ലുവിളി. ഈ വെല്ലുവിളികള്‍ പക്ഷേ ഷൈനിയെ തളര്‍ത്തിയില്ല. എന്തും ഏറ്റെടുത്ത് നടത്താന്‍ പാകമായിരുന്നു ഷൈനിയുടെ മനസ് അപ്പോഴേക്ക്.
പ്രതിസന്ധിയെ അവസരമാക്കി ഷൈനി:ഗുണനിലവാരം ഇല്ലാത്ത തുണികള്‍ കടയില്‍ എത്തിയത് ഷൈനിയ്‌ക്ക് പുതിയ ഒരു ആശയം നല്‍കുകയായിരുന്നു യഥാര്‍ഥത്തില്‍ ചെയ്‌തത്. പിന്നാലെ സ്വന്തം ഉത്തരവാദിത്തത്തില്‍ മികച്ച ഗുണനിലവാരം ഉള്ള ഉത്‌പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നതിന് ഒരു പ്രൊഡക്ഷന്‍ യൂണിറ്റെന്ന ചിന്തയിലേയ്ക്ക് ഷൈനി നീങ്ങി. തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും വര്‍ഷങ്ങളായി തുറക്കാതെ കിടക്കുന്ന കുളപ്പാറചാലിലെ കിൻഫ്ര റൂറൽ അപ്പാരൽ വാടകക്ക് എടുത്ത് ബാങ്ക് ലോണിന്‍റെ സഹായത്തോടെ കഴിഞ്ഞ മെയ് മാസത്തില്‍ ഷൈനി പുതിയ സംരംഭം ആരംഭിച്ചു.
65 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം: ലോണെടുത്ത് തുടങ്ങുന്ന പ്രസ്ഥാനം വിജയിക്കില്ലെന്ന ഉപദേശവുമായി പലരും എത്തിയിരുന്നു. അവരോടൊക്കെ പുഞ്ചിരിയായിരുന്നു ഷൈനിയുടെ മറുപടി. പിന്തുണയും സഹായവുമായി ഭര്‍ത്താവ് ജോബ് ഒപ്പം നിന്നത് ഷൈനിയ്‌ക്ക് ഏറെ ആത്‌മവിശ്വാസം നല്‍കി. വലിയൊരു പ്രൊഡക്ഷന്‍ യൂണിറ്റെന്ന സംരഭത്തിന് പിന്നില്‍ തന്നെ പോലെ വളരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് ഷൈനി പറയുന്നു.
നിലവില്‍ 65 വനിതകള്‍ക്കാണ് ഇവിടെ തൊഴില്‍ നല്‍കുന്നത്. സെക്യൂറിറ്റി ജീവനക്കാരന്‍ ഒഴികെ ഷൈനി അടക്കമുള്ള എല്ലാ ജീവനക്കാരും വനിതകള്‍ മാത്രമാണെന്ന പ്രത്യേകതയും ഈ സ്ഥാപനത്തിന് ഉണ്ട്. ഇന്ത്യയിൽ എല്ലായിടത്തും ഷൈനിയുടെ സിഗ്നോര ഫാബ്രിക്‌സ് എന്ന കമ്പനിയുടെ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഒപ്പം വിദേശത്തേയ്ക്ക് കൂടി തങ്ങളുടെ ഉത്‌പന്നം കയറ്റി അയക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് ഷൈനിയും കൂട്ടരും.