ഇടുക്കി: ഇടുക്കിയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന കൊലുമ്പന്‍ തിയറ്റര്‍ എന്ന പദ്ധതിയുമായി ഇടുക്കി ജില്ലാ പഞ്ചായത്ത്. നന്നങ്ങാടിയുടെ രൂപത്തില്‍ ആധുനിക സൗകര്യത്തോടെയുള്ള തീയറ്ററാണ് ശില്‍പ്പിയും ചിത്രകാരനുമായ ഹരിലാലിന്‍റെ നേതൃത്വത്തിൽ നിര്‍മിക്കുന്നത്. ഇതിനായി പാറേമാവ് ആശുപത്രിയ്ക്ക് സമീപം സ്ഥലം കണ്ടെത്തി നടപടികള്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.
വിനോദ സഞ്ചാരത്തിന്‍റെ പറുദീസയായി മാറിയ ഇടുക്കിയില്‍ ദിവസേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നുണ്ട്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്കും വരും തലമുറയ്ക്കും ഇടുക്കിയുടെ പാരമ്പര്യവും ചരിത്രവും സംസ്ക്കാരവും വെളിപ്പെടുത്തി നല്‍കുന്ന തരത്തിലാണ് തീയറ്റര്‍ സ്ഥാപിക്കുക. ഇതില്‍ കുറവന്‍ കുറത്തി മലയും ഇടുക്കി ആര്‍ച്ച് ഡാമും ഇടുക്കിയുടെ പൈതൃകം വിളിച്ചറിയിക്കുന്ന മ്യൂസിയവും ഉണ്ടാകും.