ഇടുക്കി: ഇടുക്കിയിലെ അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി ജില്ല പഞ്ചായത്ത്. ജില്ലയിലെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന അതിഥി തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
അതിഥി തൊഴിലാളികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും ഓരോ പഞ്ചായത്തിലും രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ജില്ല പഞ്ചായത്ത് നിര്‍ദേശിച്ചു.
കൃത്യമായി കണക്കുകളില്ല
ഇടുക്കിയില്‍ തോട്ടം, നിര്‍മാണ മേഖലകളിലുള്‍പ്പെടെ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. എന്നാല്‍ ഇവരുടെ എണ്ണം, സ്വദേശം എന്നിവ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇല്ല.
ഏജന്‍റുമാര്‍ വഴി എത്തിക്കുന്ന തൊഴിലാളികളുടെ പേര് വിവരങ്ങളോ രേഖകളോ സൂക്ഷിക്കുന്നതിനും ഈ വിവരങ്ങള്‍ പൊലീസിന് കൈമാറുന്നതിനും തൊഴിലുടമകളും തയ്യാറാകുന്നില്ല. ഇത് മൂലം പലപ്പോഴും അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നത് പൊലീസിന് പ്രതിസന്ധിയാകാറുണ്ട്.