ഇടുക്കി:കേഴമാനിനെയും കാട്ടുപൂച്ചയെയും വേട്ടയാടിയ സംഘം കീഴടങ്ങി. സൂര്യനെല്ലി ബിഎൽ റാം സ്വദേശികളായ ചിറത്തലയ്ക്കൽ വീട്ടിൽ ജോബി ജോസഫ്, കുറ്റാടൻ വീട്ടിൽ റെജി ജോർജ്, ആലാനിക്കൽ സിനിഷ് കുര്യൻ, മുരിക്കാശേരി തെക്കെ കൈതക്കൽ വീട്ടിൽ ഡിനിൽ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റേഞ്ച് ഓഫിസർ പിഎസ് സജീവന്‍റെ മുന്‍പില്‍ കീഴടങ്ങിയത്. ദേവികുളം റേഞ്ചിന്‍റെ പരിധിയിൽ ചിന്നക്കനാൽ സെക്ഷനിൽ ഏലമുടി ഭാഗത്തെ ഏലത്തോട്ടത്തിൽനിന്ന് ഒരു കേഴമാനിനെയും കാട്ടുപൂച്ചയെയുമാണ് സംഘം വേട്ടയാടിയത്.
കേഴമാനിനെയും കാട്ടുപൂച്ചയെയും വേട്ടയാടിയ സംഘം കീഴടങ്ങി
ഇക്കഴിഞ്ഞ ജൂൺ ഒൻപതിനാണ് സംഘം കേഴമാനിനെയും കാട്ടുപൂച്ചയെയും വേട്ടയാടിയത്. സൂര്യനെല്ലി ബിഎൽ റാം സ്വദേശികളാണ് പ്രതികള്‍
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാനായിരുന്നു ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 28) കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. തുടർന്ന്, പ്രതികളെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്‌തു. കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ സമർപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ വ്യാഴാഴ്‌ച കസ്റ്റഡിയിൽ വാങ്ങി.
കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ജൂൺ ഒൻപതിനാണ് കേഴമാനിനെയും കാട്ടുപൂച്ചയെയും സംഘം വേട്ടയാടിയത്. മാനിന്‍റെ തോലും കാട്ടുപൂച്ചയുടെ തലയും അന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. അന്നുമുതലാണ് പ്രതികൾ ഒളിവില്‍ പോയത്. മുന്‍റിയാകസ് (Muntiacus) ജനുസിൽപ്പെട്ടതാണ് കേഴമാൻ. കുരയ്ക്കും മാൻ (barking deer) എന്നും ഇതിന് പേരുണ്ട്.