ഇടുക്കി:കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടത്തിവരുന്ന നിരാഹാര സമരം ഏഴു ദിവസം പിന്നിട്ടു. നിരാഹാരം അനുഷ്‌ഠിക്കുന്ന കെ എസ് അരുണിന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഹൈറേഞ്ചിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും ആക്രമണകാരികളായ കാട്ടാനകളെ പിടിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 31-ാം തീയതിയാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുൺ പൂപ്പാറ ടൗണിൽ നിരാഹാര സമരം ആരംഭിച്ചത്. അരുണിന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആരോഗ്യവിഭാഗം എത്തി പരിശോധന നടത്തി സ്ഥിതി മോശമാണെന്നും അരുണിനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.