ഇടുക്കി:അധിക ജലം ഒഴുക്കിവിടാനായി ഇടുക്കി ചെറുതോണി അണക്കെട്ട് നാളെ (07.08.2022) രാവിലെ 10 മണിക്ക് തുറക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചതായി ജില്ല അധികൃതര്‍ വ്യക്തമാക്കി. ഡാമിന്‍റെ ഒരു ഷട്ടര്‍ 70 സെന്‍റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുസെക്‌സ് ജലമാണ് ഒഴുക്കി വിടുക. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 2,382.88 അടിയായി ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയർന്നു. അണക്കെട്ടിന്‍റെ 10 ഷട്ടറുകൾ ഉയർത്തി 2,122 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി.
എന്നാല്‍ ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ശക്തിയായി പെയ്‌ത മഴയ്‌ക്ക് ശമനമുണ്ട്. അഞ്ച് ജില്ലകള്‍ക്കാണ് ഇന്ന് (06.08.2022) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്ത് വിടുന്ന അധിക ജലം നാളെ(07.08.2022) ഇടമലയാര്‍ അണക്കെട്ടില്‍ ശേഖരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലയിലെ മഴക്കെടുതികളെയും മറ്റും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കുണ്ടള എസ്റ്റേറ്റിൽ മണ്ണിടിഞ്ഞ് ഒരു ക്ഷേത്രവും പ്രദേശത്തെ രണ്ട് കടകളും തകർന്നു. മേഖലയിലെ 175 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
also read:തെന്മല പരപ്പാര്‍ ഡാം തുറന്നു, കല്ലടയാറിന്‍റെ ഇരുകരകളിലും ജാഗ്രത നിർദേശം