ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്‌ചയില്‍ ശക്തമായ നടപടികളുമായി പൊലീസ് (Security Lapse in Idukki Dam). ഡാമിലേക്ക് കടന്ന് ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറുകളിലും എര്‍ത്ത് വയറുകളിലും താഴുപയോഗിച്ച് പൂട്ടിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇക്കഴിഞ്ഞ ജൂലൈ 22നായിരുന്നു കേസിനാസ്‌പദമായ സംഭവം. പുലര്‍ച്ചയോടെ ഡാമിനുള്ളില്‍ പ്രവേശിച്ച ഇയാള്‍ 11 സ്ഥലങ്ങളില്‍ താഴ് ഉപയോഗിച്ച് പൂട്ടുകയും ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന റോപ്പില്‍ ഒരു തരം ദ്രാവകം ഒഴിക്കുകയും ചെയ്‌തിരുന്നു.
സംഭവം നടന്ന ദിവസം പുലര്‍ച്ചെ മൂന്നേകാലിനായിരുന്നു പ്രതിയായ ഒറ്റപ്പാലം സ്വദേശി ഡാമിനുള്ളിലേക്ക് പ്രവേശിച്ചത്. അണക്കെട്ടിനുള്ളിലേക്ക് കടന്ന ഇയാള്‍ ഹൈമാസ് ലൈറ്റുകളുടെ ടവറുകള്‍ താഴിട്ട് പൂട്ടുകയായിരുന്നു. അമര്‍ത്തുമ്പോള്‍ പൂട്ട് വീഴുന്ന തരത്തിലുള്ള താഴുകളായിരുന്നു ഇയാള്‍ ഉപയോഗിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഈ താഴുകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴായിരുന്നു വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് ഈ പ്രവര്‍ത്തികള്‍ ചെയ്‌തതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നായിരുന്നു ഇടുക്കി പൊലീസിന് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചത്.