ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും തുറന്നു. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. റൂൾ കർവ് അനുസരിച്ചാണ് അണക്കെട്ട് തുറന്നിരിക്കുന്നത്. 2018ൽ അഞ്ച് മിനിറ്റ് ഇടവിട്ടുതുറന്ന ഷട്ടറുകൾ ഇത്തവണ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തുറന്നത്.
പതിനൊന്ന് മണിക്ക് ആദ്യ ഷട്ടർ തുറന്നു. അരമണിക്കൂർ പിന്നിട്ടതിനുശേഷമാണ് ചെറുതോണി ടൗണിൽ വെള്ളം എത്തിയത്. ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ ഷട്ടർ ഉയർത്തുന്നത്. ആദ്യ ഷട്ടർ ഉയർത്തി വെള്ളം ഒഴുകുന്ന മേഖലകൾ തിട്ടപ്പെടുത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് രണ്ടാമത്തെ ഷട്ടർ ഉയർത്തിയത്.
തുടർന്ന് അരമണിക്കൂറിന് ശേഷമാണ് മൂന്നാമത്തെ ഷട്ടർ 35 സെന്‍റീമീറ്റര്‍ ഉയർത്തിയത്. ഇതോടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങി. 2018ലെ നാശനഷ്‌ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ വളരെ കരുതലോടെ അണക്കെട്ട് തുറന്നിരിക്കുന്നത്.
2018ൽ ചെറുതോണി പാലത്തിൽ വെള്ളം കയറിയിരുന്നു. നിലവിൽ ചെറുതോണി പാലത്തിലൂടെ സുഗമമായ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
ഡാം തുറക്കുന്നത് അഞ്ചാം തവണ
1981 ഒക്‌ടോബര്‍ 29, 1992 ഒക്‌ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത്, ഒക്‌ടോബര്‍ ആറ് തിയ്യതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല. ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതിനെ തുടര്‍ന്നാണ് ഇത്തവണയും ഡാം തുറക്കുന്നത്.
കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച്ച് ഡാം, കുളമാവ്, ചെറുതോണി എന്നിങ്ങനെ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതില്‍ ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്‍റെ ഷട്ടറാണ് തുറക്കുക.