ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.
ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. അടുത്ത രണ്ടാഴ്ച കാലത്തേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ ഓഫറുകളോടെ കൂടിയ വില്‍പന പാടില്ല. ഹോട്ടലുകള്‍ സാമൂഹ്യ അകലവും, കൊവിഡ് മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.
ബസുകളില്‍ യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുന്നതിന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. വിവാഹ ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍ക്കുള്ളില്‍ പരമാവധി 100 പേരും ഓഡിറ്റോറിയത്തിനു പുറത്ത് പരമാവധി 200 പേരുമായും, പരിപാടിയുടെ സമയപരിധി രണ്ട് മണിക്കൂറായി നിജപ്പെടുത്തിയും സംഘടിപ്പിക്കണം. ജില്ലയില്‍ പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കലാ- കായിക മത്സരങ്ങള്‍/ പരിപാടികള്‍ എന്നിവയ്‌ക്കും നിരോധനമുണ്ട്.
കൂടുതല്‍ വായനയ്‌ക്ക്:ഇഞ്ചി വില കുത്തനെ കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍