ഇടുക്കി: കമ്പംമേട്ടില്‍ മൂന്ന് ലക്ഷത്തിന്‍റെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിലായ കേസ് വഴിത്തിരിവിലേക്ക്. കള്ളനോട്ട് നിർമ്മിക്കാന്‍ ഉപയോഗിച്ച യന്ത്രവും കാൽ കോടി രൂപ പ്രിൻ്റുചെയ്യുവാനുള്ള പ്രത്യേക പേപ്പറും മഷിയും മറ്റു പകരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞയാഴ്‌ചയാണ് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായ് ആറംഗ സംഘം കമ്പംമേട്ടിൽ പിടിയിലായത്.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കോയമ്പത്തൂർ, ഉത്തമപാളയം, തേനി, മധുര, ചിന്നമന്നൂർ, കമ്പം, കുമളി തുടങ്ങിയ ഇടങ്ങളിൽ നടത്തിയ തെളിവെടുപ്പില്‍ നിർണായക വിവരങ്ങൾ ലഭിച്ചു. തേനിക്ക് സമീപം വീരപാണ്ടിയിൽ കേസിലെ പ്രതിയായ മഹാരാജൻ്റെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് യന്ത്രങ്ങളും പേപ്പറും മഷിയും ഉള്‍പ്പെടെ പിടികൂടിയത്.
മൂന്നര ലക്ഷം രൂപ വിലവരുന്ന ഒരു മെഷീന്‍ മാത്രമാണ് കണ്ടെടുക്കാനായിട്ടുള്ളത്. കൂടുതൽ മെഷീനുകൾ വിവിധ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിട്ടുള്ളതായാണ് പൊലീസിന് ലഭിച്ച സൂചന. ചെന്നൈ കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വൻ കള്ളനോട്ട് മാഫിയയിലെ ചെറിയ കണ്ണികൾ മാത്രമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലുമായി കള്ളനോട്ട് വിതരണം ചെയ്‌ത സംഘത്തെ കേന്ദ്രീകരിച്ച് ജില്ലാ പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. എസ്‌പിയുടെ നേതൃത്വത്തിലുള്ള നാർക്കോട്ടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം പിടിയിലായത്. കള്ളനോട്ട് സംഘങ്ങളുമായി ബന്ധം പുലർത്തിയ നിരവധിപേർ പൊലീസ് നിരീക്ഷണത്തിലാണ്.