ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം രാജി വച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കുള്ളിൽ തുടങ്ങിയ പോരാണ് ഇപ്പോൾ പൊട്ടിത്തെറിയിൽ എത്തിയിരിക്കുന്നത്.
ഇടുക്കി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി - ഇടുക്കി വാര്‍ത്തകള്‍
ഡിസിസി വൈസ് പ്രസിഡന്‍റ് ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം രാജി വച്ചു.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം ജോയ് വെട്ടിക്കുഴി രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തന്‍റെ രാജിയെന്നായിരുന്നു വിശദീകരണം. എന്നാൽ രാജിക്ക് കാരണം കോൺഗ്രസ് എ ,ഐ ഗ്രൂപ്പുകൾക്കുള്ളിലെ ഭിന്നതയാണെന്ന ആക്ഷേപം ഇപ്പോൾ മറ നീക്കി പുറത്തു വന്നു. ഐ ഗ്രൂപ്പുകാരിയായ ചെയർപേഴ്‌സന്‍റെ ഏകപക്ഷീയമായ നിലപാടാണ് രാജിക്ക് കാരണമെന്ന് എ വിഭാഗം വ്യക്തമാക്കുന്നു.
അതേ സമയം എ ഗ്രൂപ്പ് ആരോപണത്തെ തള്ളിക്കളയുകയാണ് ഐ വിഭാഗം. നഗരസഭ ചെയർപേഴ്സന്‍റെ പ്രവർത്തനത്തിൽ അനാവശ്യ ഇടപെടൽ നടത്താനാണ് വൈസ് ചെയർമാൻ ശ്രമിച്ചതെന്നും ഇത് അംഗീകരിക്കില്ലെന്നും ഐ വിഭാഗം പറയുന്നു. ജോയ് വെട്ടിക്കുഴിയുടെ രാജിയോടെ ഇടുക്കിയിലെ കോൺഗ്രസ് ഗ്രൂപ്പുകൾക്കുള്ളിലെ പടലപിണക്കങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു തന്നെ പാർട്ടിയിലെ വിഭാഗീയത ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കാലുവാരൽ ഉണ്ടായെന്ന ആരോപണവും ഇപ്പോൾ ശക്തമാണ്. ഫലം വരുന്നതോടെ പരസ്പരമുള്ള പഴിചാരലും ചെളിവാരി എറിയലും ശക്തമാകാനാണ് സാധ്യത.