ഇടുക്കി:ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേവികുളം വനം വകുപ്പ് ഓഫിസ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. പ്രശ്‌നങ്ങളിൽ അടിയന്തരമായ പരിഹാരം ആവശ്യപ്പെട്ട് പൂപ്പാറയിൽ കോൺഗ്രസിന്‍റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ ഡിഎഫ്ഒ ഓഫിസ് ഉപരോധം.
കാട്ടാന ആക്രമണം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേവികുളം വനംവകുപ്പ് ഓഫിസ് ഉപരോധിച്ചു - വനം വകുപ്പ്
കാട്ടാന ആക്രമണം രൂക്ഷം. വനം വകുപ്പ് നടത്തിയ പ്രഖ്യാപനങ്ങൾ വാക്കിലൊതുങ്ങിയെന്ന് ആരോപണം. വനം വകുപ്പ് വാച്ചർ ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തം
വനം വകുപ്പ് വാച്ചർ ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് തോട്ടം മേഖലയിൽ ഉയരുന്നത്. തിങ്കളാഴ്‌ച പുലർച്ചെ ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നിരുന്നു. അപകടകാരിയായ അരികൊമ്പനെ മയക്ക് വെടി വച്ച് പിടികൂടുകയും ചക്കകൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ ആനകളെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന പ്രഖ്യാപനം വനം വകുപ്പ് നൽകിയിരുന്നു. വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം മേഖലയിൽ നിരീക്ഷണം നടത്തുകയും, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട് സമർപ്പിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് സമരം ശക്തമാക്കിയത്. ഡിഎഫ്ഓ ഓഫിസ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുണ്‍ അടക്കം അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ് ചെയ്തു.
കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ആഴ്‌ചയോളമായി തുടരുകയാണ്. അതേ സമയം മേഖലയിൽ അരികൊമ്പൻ, ചക്കകൊമ്പൻ തുടങ്ങിയ ആനകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. അരികൊമ്പന്‍റെ ആക്രമണത്തിൽ ചിന്നക്കനാൽ 301 കോളനി നിവാസി എമിലി ജ്ഞാനമുത്തുവിന്‍റെ വീട് തകർന്നു. ആന ജനവാസ മേഖലയ്ക്കു സമീപം തമ്പടിച്ചിരിക്കുകയാണ്. ആനയെ തുരത്താൻ വനം വകുപ്പ് വാച്ചർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചിന്നക്കനാൽ, ആനയിറങ്കൽ, തോണ്ടിമല, പൂപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ, ആന ആക്രമണം നടത്തിയിരുന്നു.