ഇടുക്കി: പുരാവസ്‌തു വില്‍പ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഇടുക്കിയില്‍ നിന്ന് കൂടുതല്‍ പരാതികള്‍. ജില്ലയില്‍ ഇദ്ദേഹം നടത്തിയ ക്രമക്കേടുകൾ ആദ്യം പുറത്ത് വിട്ടത് ഇടിവി ഭാരത് ആയിരുന്നു. ഇതിനുപിന്നാലെയാണ് നൂറിലേറെ പേര്‍ക്ക് പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്.
1992ൽ ഭാര്യക്ക്,രാജകുമാരിയിലെ മാനേജ്മെന്‍റ് സ്‌കൂളിലേക്ക് സ്ഥലമാറ്റം കിട്ടിയതോടെയാണ് മോൻസൺ മാവുങ്കൽ ഇടുക്കിയിലെത്തുന്നത്. ഇവിടെ ഇയാളുടെ തട്ടിപ്പിന് ഇരയാകുന്ന ആദ്യത്തെയാള്‍ സേനാപതി മാങ്ങാത്തൊട്ടി സ്വദേശി ബിനോയിയാണ്.
ഇടുക്കിയില്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പിനിരയായത് നിരവധി പേര്‍ Read more: #ETV Bharat Exclusive: മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന്
മൈക്ക് സെറ്റ് ജോലികൾ ചെയ്‌തുവന്നിരുന്ന ബിനോയുമായി ഇയാള്‍ പരിചയം സ്ഥാപിച്ചു. തുടര്‍ന്ന് കൊച്ചിയിൽ ഗാനമേള ട്രൂപ്പുകളില്‍ നിന്ന് മൈക്ക് സെറ്റും മിക്‌സറും എടുത്തുനൽകാമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നു. പലകുറി ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാന്‍ മോൻസൺ തയ്യാറായില്ലെന്നും ബിനോയി പറയുന്നു.
രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, സേനാപതി മേഖലകളിലായി നൂറിലധികം പേരാണ് മോന്‍സന്‍റെ തട്ടിപ്പിനിരയായത്. രാജകുമാരി നോർത്തിലെ കർഷകൻ, സേനാപതി പഞ്ചായത്തിലെ പൊതുപ്രവർത്തകൻ, രാജാക്കാട്ടെ പ്രമുഖ സ്വർണ വ്യാപാരി, സ്വകാര്യ ഹോസ്‌പിറ്റല്‍ ഉടമ എന്നിങ്ങനെ നീളുന്നു തട്ടിപ്പിനിരയായവരുടെ പട്ടിക.