ഇടുക്കി: കലക്‌ടറുടെ എഫ്.ബി പേജിലെ ജനങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി ഇടുക്കി കലക്ടര്‍. മുള്ളരിങ്ങാട് പള്ളി ഭരണ കൈമാറ്റ പ്രശ്‌നത്തിന് ശേഷം മേഖലയില്‍ കൊവിഡ് വ്യാപനം ഉണ്ടായതോടെയാണ് ജനങ്ങള്‍ കലക്‌ടറുടെ ഔദ്യോഗിക പേജില്‍ പ്രതിഷേധിച്ചത്. കോടതി വിധി നടപ്പിലാക്കുകയായിരുന്നുവെന്നും ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന് പള്ളി അധികാരികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും കലക്‌ടര്‍ എഫ്.ബി പേജിലൂടെ വ്യക്തമാക്കി.
എഫ്.ബി പേജില്‍ പ്രതിഷേധം: പ്രതികരണവുമായി ഇടുക്കി കലക്ടര്‍ - facebook
മുള്ളരിങ്ങാട് പള്ളി ഭരണ കൈമാറ്റ പ്രശ്‌നത്തിന് ശേഷം മേഖലയില്‍ കൊവിഡ് വ്യാപനം ഉണ്ടായതോടെയാണ് ജനങ്ങള്‍ കലക്‌ടറുടെ ഔദ്യോഗിക പേജില്‍ പ്രതിഷേധിച്ചത്.

പള്ളി സംരക്ഷണവുമായി ബന്ധപെട്ട് എത്തിയവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇയാളുടെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപിക്കുകയും ചെയ്തിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് കലക്ടറുടെ എഫ്.ബി പേജില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ജനങ്ങള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനം നടപടി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സമീപ മേഖല റെഡ് സോണിലായിരുന്നിട്ടും പള്ളി തര്‍ക്കം പരിഹരിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു ആരോപണം. ജില്ലാ ഭരണകൂടത്തിന്‍റെ കഴിവ് കേടായും പലരും സംഭവത്തെ വ്യാഖ്യാനിച്ചു.
ജനങ്ങളുടെ പ്രതിഷേധത്തിന് ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ് കലക്ടര്‍. പള്ളി ഒഴിപ്പിച്ച് യഥാസമയം കൈമാറണമെന്ന് ജൂണ്‍ എട്ടിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ 16ന് ഉന്നത തല യോഗം ചേര്‍ന്നിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും സമീപ മേഖലയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാലും വിധി നടപ്പാക്കാന്‍ ഒരു മാസം സമയം അനുവദിക്കണമെന്ന് കോടതിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജൂലായ് 15നകം വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ജനങ്ങള്‍ മേഖലയില്‍ തടിച്ച് കൂടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം പള്ളി അധികാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായില്ല. ഇത് മറച്ച് വെച്ചാണ് കൊവിഡ് വ്യാപനവുമായി ബന്ധപെട്ട് ഇതിനെ കൂട്ടികുഴയ്ക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കലക്‌ടർ വിശദീകരിക്കുന്നു. ഹൈക്കോടതി ഉത്തരവും സ്റ്റേറ്റ് അറ്റോര്‍ണിയുടെ കത്തിന്‍റെ പകര്‍പ്പും ഉള്‍പ്പടെയാണ് കലക്ടർ ഫേസ് ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.