ഇടുക്കി:ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ കാട്ടാന ആക്രമണത്തില്‍ വീട് തകര്‍ന്നു. ശനിയാഴ്‌ച (16.07.2022) രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കോളനി നിവാസി ചെല്ലാദുരയുടെ വീട് പൂര്‍ണ്ണമായി തകർത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനാലോളം വീടുകളാണ് കോളനിയില്‍ ആന ആക്രമിച്ചത്.
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വീട് തകര്‍ന്നു ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. കാട്ടാന വീട് തകര്‍ക്കുന്ന സമയത്ത് ചെല്ലാദുരെയും ഭാര്യ പാപ്പായും വീടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. മേല്‍ക്കൂര തകര്‍ക്കുന്ന വലിയ ശബ്‌ദം കേട്ട് ഉണര്‍ന്ന ഇവര്‍ മുന്‍വശത്തുകൂടി പുറത്തിറങ്ങി.
ഈ സമയത്താണ് വീടിന് പിന്‍വശത്ത് നിന്നും എത്തിയ ആന ഭിത്തി ഇടിച്ച് നിരത്തിയത്. ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളും പൂര്‍ണ്ണമായി കൊമ്പന്‍ നശിപ്പിച്ചു. ആനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്ന ചെല്ലാദുരെയേയും കുടുംബത്തേയും പഞ്ചായത്ത് അധികൃതര്‍ എത്തിയാണ് മാറ്റി പാര്‍പ്പിച്ചത്.
വനം, റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വികരിച്ചു. കാട്ടാന ശല്യത്തിന് പരിഹാരം കാണുമെന്ന് അധികൃതര്‍ പറയുന്നത് അല്ലാതെ ഒരുവിധ നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് പൊതു പ്രവര്‍ത്തകരും ആരോപിച്ചു.