ഇടുക്കി:ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികളെ കുടിയിറക്കാന്‍ നീക്കം. പ്രദേശം വനഭൂമിയാണെന്ന പേരിൽ വനംവകുപ്പ് ജണ്ട സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി തോട്ടം തൊഴിലാളികൾ. വര്‍ഷങ്ങളായി കൃഷിയിറക്കുന്നതും ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമിച്ചു താമസിക്കുന്നതുമായ ഭൂമിയാണ് വനഭൂമിയെന്ന വാദമുന്നയിച്ച് വനംവകുപ്പ് ജണ്ട സ്ഥാപിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ തോട്ടം തൊഴിലാളികൾ കൈവശം വച്ചുവരുന്ന ഭൂമിയിൽ നിന്നാണ് വനംവകുപ്പ് കുടിയിറക്കാന്‍ ശ്രമിക്കുന്നത്. പൊസിഷന്‍ സര്‍ട്ടിഫിക്കറ്റും രേഖകളുമുള്ള സ്ഥലത്തിന് പട്ടയത്തിനും അപേക്ഷ നല്‍കി കാത്തിരിക്കുന്ന സമയത്താണ് വനംവകുപ്പിന്‍റെ നീക്കമെന്ന് പ്രദേശവാസികൾ പറയുന്നു. വനഭൂമിയാണെന്ന പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയത് മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. അമ്പത്തി നാലോളം വരുന്ന കുടുംബങ്ങളാണ് ഇതോടെ തെരവിലിറങ്ങേണ്ടിവരുന്നതെന്നും ഇവര്‍ പറയുന്നു.