ഇടുക്കി:വേനല്‍ കടുത്തതോടെ ജലസ്രോതസുകള്‍ വറ്റി വരണ്ട അവസ്ഥയാണ്. കുടിവെള്ളം കിട്ടാക്കനിയായതോടെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2017ല്‍ ആരംഭിച്ച പദ്ധതി ഇനിയും പൂർത്തികരിക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.
കുടിവള്ളത്തിന് പുറമെ കാട്ടാന ശല്യവും: കാട്ടാനയെ ഭയന്ന് കിലോമീറ്ററുകളോളം നടന്ന് ആനയിറങ്കൽ ജലാശയത്തിൽ നിന്നുമാണ് കുടി നിവാസികൾ വെള്ളം ശേഖരിക്കുന്നത്. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് വാഗ്‌ദാനം നല്‍കിയാണ് 2002ൽ ചിന്നക്കനാല്‍ 301 കോളനിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കി കുടിയിരുത്തിയത്. എന്നാല്‍, രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും കുടിയില്‍ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ 2017ല്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകാതെ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. ജില്ല കലക്‌ടര്‍ നേരിട്ട് എത്തി രണ്ട് മാസത്തിനുള്ളില്‍ കുടിവെള്ളം വിതരണം ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കി മടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. കലക്‌ടറുടെ പ്രഖ്യാപനവും ജലരേഖയായി.
301 കോളനി നിവാസികൾക്ക് ഏക ആശ്രയം ആനയിറങ്കല്‍ ജലാശയമാണ്. കാട്ടാനയെ ഭയന്ന് തലച്ചുമടായാണ് വീടുകളിൽ വെള്ളമെത്തിക്കുന്നത്. ആനയുള്ള ദിവസങ്ങളില്‍ ഭക്ഷണം പാകം ചെയ്യുവാൻ കഴിയാതെ പട്ടിണിയിലാണെന്നും ഇവര്‍ പറയുന്നു.
ആദിവാസി വിഭാഗത്തില്‍പെട്ടവരായതിനാല്‍ തങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്നും കുടിവെള്ളത്തിനൊപ്പം റോഡടക്കമുള്ള അടിസ്ഥാന വികസനങ്ങള്‍ പോലും ഇവിടേയ്‌ക്കെത്തിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ച് വലിയ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്നാണ് കുടി നിവാസികളുടെ ആവശ്യം.
ആഴ്‌ചയില്‍ 600 ലിറ്റര്‍ മാത്രം വെള്ളം:അതേസമയം, നെടുങ്കണ്ടം ആശാരികണ്ടംതേന്‍പാറ നിവാസികളെയും കുടിവെള്ള പ്രശ്‌നം സാരമായി ബാധിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ നിന്നും ആഴ്‌ചയില്‍ ലഭിക്കുന്ന 600 ലിറ്റര്‍ വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശവാസികള്‍ കഴിയുന്നത്. ഒന്നര വര്‍ഷമായി മേഖലയിലുള്ള കുടിവെള്ള വിതരണം കാര്യക്ഷമമല്ല എന്ന പരാതിയും ഉയരുന്നുണ്ട്.
ആഴ്‌ചയില്‍ മൂന്ന് ദിവസം വിതരണം ചെയ്യുന്ന വെള്ളത്തില്‍ നിന്നും ഒരു കുടുംബത്തിന് 200 ലിറ്റര്‍ വെള്ളം വീതമാണ് ഒരു തവണ നല്‍കുന്നത്. എന്നാല്‍, ചില ദിവസങ്ങളില്‍ വെള്ളം മുടങ്ങുമെന്ന കാരണത്താല്‍ കൂലിവേലക്കാരായ പ്രദേശവാസികള്‍ വില കൊടുത്താണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്‌ക്കുള്ള ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പദ്ധതിയില്‍ നിന്നുമാണ് ആശാരികണ്ടം തേന്‍പാറയില്‍ വെള്ളം വിതരണം ചെയ്‌തിരുന്നത്.
എന്നാല്‍, ഒന്നര വര്‍ഷം മുമ്പ് പദ്ധതി നിലയ്‌ക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലേക്ക് മറ്റ് മാര്‍ഗങ്ങളിലൂടെ വെള്ളം എത്തിച്ചപ്പോഴാണ് പ്രദേശവാസികള്‍ പ്രതിസന്ധിയിലായത്. നിലവില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ച് കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍.
ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ തന്നെ ശക്തമായ കുടിവെള്ള ക്ഷാമമായിരുന്നു ഇടുക്കിയിലെ പല മേഖലയിലുമുള്ള ജനങ്ങള്‍ നേരിട്ടത്. രാത്രിയില്‍ ശക്തമായ തണുപ്പും പകല്‍ സമയങ്ങളില്‍ കഠിനമായ ചൂടുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മീനച്ചൂടിന് മുമ്പേ കുടിവെള്ള ലഭ്യത കുറയുന്നതാണ് ഹൈറേഞ്ചിലെ നിലവിലെ ആശങ്ക.