ഇടുക്കി:ചെറുതോണി ഡാമിലെ സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട് മിലിട്ടറി ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി (security lapse at Cheruthoni Dam). ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പൊലീസിന്‍റെ അന്വേഷണ പരിധിയിൽ തീവ്രവാദ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നുണ്ട്. പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ പൊലീസ് ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്. സഹോദരങ്ങൾ പ്രതിയുമായി സംസാരിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്താമെന്ന് പ്രതി സഹോദരങ്ങൾക്ക് ഉറപ്പ് നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഉറപ്പ് പാലിച്ചില്ലെങ്കിൽ മാത്രം ലൂക്കൗട്ട് നോട്ടീസിറക്കാനാണ് സാധ്യത. പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്നോ മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്.
ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി. സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയ ഇയാൾ 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.
സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തിരുന്നു. കൂടാതെ ഇന്നലെ വിശദമായിട്ട് പരിശോധന നടത്തിയിരുന്നു. സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ. അതേസമയം ഡാമിന്‍റെ സുരക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട ഇടുക്കി സിഐ നാലുമാസത്തോളമായി ഡാമിൽ സന്ദർശനം നടത്തിയിട്ടില്ലെന്ന് രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.