ഇടുക്കി:വളങ്ങളുടെ അമിതമായ വില വര്‍ധനവ് ഏലം മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കര്‍ഷകര്‍. മിക്ക അവശ്യ വളങ്ങള്‍ക്കും രണ്ട് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം വില വര്‍ധിച്ചു. ചില കമ്പനികള്‍ വിതരണം ചെയ്യുന്ന വളത്തിന് മാത്രമെ സബ്‌സിഡി ലഭിക്കുകയുളളൂ എന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു (fertilizers price of Increased Idukki Cardamom Cultivation In Crisis ).
എഴുനൂറ് രൂപ മാത്രം വിലയുണ്ടായിരുന്ന പൊട്ടാഷിന് 1700 രൂപയായും ഫാക്‌ടം ഫോസിന് വില 700ല്‍ നിന്നും 1300 ആയും വര്‍ധിച്ചു. നിലവില്‍ വില കുറവും ഗുണമേന്മ കൂടുതല്‍ ഉള്ളവയെന്നും പ്രചരിപ്പിച്ച് നാനോ പൊട്ടാഷ്, നാനോ യൂറിയ ഇനങ്ങള്‍ വിപണയില്‍ എത്തിയ്ക്കുന്നുണ്ടെങ്കിലും ഇവയുടെ ഗുണമേന്മ സംബന്ധിച്ച് സ്‌പൈസസ് ബോര്‍ഡോ മറ്റ് അധികൃതരോ വ്യക്തത നല്‍കുന്നില്ല.
കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കാതെ, വളം കമ്പനികളിലേയ്ക്ക് സബ്‌സിഡി ലഭ്യമാക്കുന്ന അവസ്ഥയാണ് ഉള്ളത്. സബ്‌സിഡി ഉള്ള വളങ്ങള്‍ ചില കമ്പനികളുടേത് മാത്രമായതിനാല്‍, മണ്ണിന് ആവശ്യമായ വളം കര്‍ഷകര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയാറില്ല.