ഇടുക്കി: ഏലത്തിന്‍റെ വിലത്തകര്‍ച്ചയും വളം, കീടനാശിനി എന്നിവയുടെ വിലവര്‍ധനവും ഇടുക്കിയിൽ ഏലം കൃഷിയെ തകിടം മറിച്ചു. പ്രതിസന്ധികളെ തരണം ചെയ്‌ത് മുന്നേറി കൊണ്ടിരുന്ന ഏലം കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായാണ് കനത്ത മഴ തിരിച്ചടിയായത്. ആഴ്‌ചകളായി തുടരുന്ന ശക്തമായ മഴയില്‍ മണ്ണിടിഞ്ഞും ഏലം ചെടികൾ കാറ്റില്‍ ഒടിഞ്ഞും വന്‍തോതില്‍ കൃഷി നാശം സംഭവിച്ചു.
ഇടുക്കിയിൽ പ്രതികൂല കാലാവസ്ഥ മൂലം ഏലം കൃഷി നശിച്ചു ഒപ്പം തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം വിളവെടുപ്പിന് പാകമായ ഏലക്കായകൾ അഴുകല്‍ ബാധിച്ച് നശിച്ചു. ഏലക്കായകള്‍ക്ക് പുറമെ ഏലച്ചെടികള്‍ക്കും അഴുകല്‍ ബാധിച്ചതോടെ കൃഷി മൊത്തമായി നശിക്കുന്ന അവസ്ഥയാണ്. ഏലം പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
ഏലത്തെ നാണ്യവിള ഗണത്തില്‍ നിന്നും കാര്‍ഷിക വിളയാക്കി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇടപെടലില്ല. കാര്‍ഷിക വിളയാക്കിയാല്‍ മാത്രമേ ഏലത്തിന് താങ്ങ് വില നിശ്ചയിക്കാനാവൂ. ഇതിലൂടെ കർഷകരുടെ പ്രതിസന്ധികളെ ഒരു പരിധിവരെ തരണം ചെയ്യാൻ സാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
ഹൈറേഞ്ചിലെ പ്രധാന നാണ്യവിളയായ ഏലം കൃഷിയെ ആശ്രയിച്ച് കഴിയുന്നത് നിരവധി ആളുകളാണ്. അന്യ സംസ്ഥാനത്ത് നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്ഥിര വരുമാനം എന്ന നിലയില്‍ തൊഴില്‍ ലഭിച്ചിരുന്നതും ഈ കാര്‍ഷിക മേഖലയെ ആശ്രയിച്ചായിരുന്നു. വായ്‌പയെടുത്തും വന്‍തുക പാട്ടത്തുക നല്‍കിയുമാണ് ഓരോ കര്‍ഷകരും ഏലം കൃഷി നടത്തി വരുന്നത്. ഇവരെല്ലാം കടുത്ത കടബാധ്യത മൂലം ആത്മഹത്യാ വക്കിലാണ്.