ഇടുക്കി: ബോഡിമെട്ട് ചെക്ക് പോസ്‌റ്റ് ഉപരോധിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ യാത്രക്കാരും തൊഴിലാളികളും ചേർന്നാണ് ചെക്ക് പോസ്റ്റ് ഉപരോധിച്ചത്. നിലവിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കുമളി ചെക്പോസ്റ്റ് വഴി കടന്നു വരുന്നതിനാണ് ജില്ല ഭരണകൂടം പാസ് അനുവദിക്കുക. എന്നാൽ ബോഡിമെട്ട് ഉൾപ്പെടെയുള്ള മറ്റ് അതിർത്തികൾ വഴിയും നിരവധി യാത്രക്കാർ കേരളത്തിലേക്കു കടന്നു വരുന്നുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോഡിമെട്ട് ചെക്പോസ്റ്റിൽ സന്ദർശനം നടത്തിയ മുല്ലപ്പെരിയാർ ഡിവൈഎസ്‌പി നന്ദനൻ പിള്ള ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്ന് ശാന്തൻപാറ പൊലിസിന് നിർദേശം നൽകി.
ഇടുക്കി ബോഡിമെട്ട് ചെക്ക് പോസ്‌റ്റ് ഉപരോധിച്ചു - ഇടുക്കി
തമിഴ്‌നാട്ടിൽ നിന്നെത്തിയ യാത്രക്കാരും തൊഴിലാളികളും ചേർന്നാണ് ചെക്ക് പോസ്റ്റ് ഉപരോധിച്ചത്.

ഇതേ തുടർന്ന് ഇന്നലെ മുതൽ അതിർത്തി കടന്നു വരുന്നവരുടെ പാസ് ഉൾപ്പെടെ പരിശോധിക്കുകയും ചരക്കു വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് വാഹനങ്ങളിൽ എത്തിയ യാത്രക്കാർ റോഡ് ഉപരോധിച്ചത്. ഇതേ തുടർന്ന് ശാന്തൻപാറ പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരുമായി ചർച്ച നടത്തി. ഉപരോധ സമരം നടത്തിയവരുടെ ആവശ്യം ജില്ല കലക്ടറെ അറിയിച്ചു. കലക്ടറുടെ നിർദേശപ്രകാരം ഹൃസ്വ സന്ദർശന പാസ് ഉള്ളവരെ ബോഡിമെട്ട് ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഇതേ തുടർന്നാണ് ഉപരോധം അവസാനിച്ചത്. ഉപരോധത്തെ തുടർന്ന് രണ്ട് മണിക്കൂറോളം നേരം ബോഡിമെട്ടിൽ ഗതാഗതം നിലച്ചു.