ഇടുക്കി:പഞ്ഞ കര്‍ക്കടകം പടികടുന്നു, ഇനി സമ്പൽസമൃദ്ധിയുടെ പൊന്നോണക്കാലമാണ്. വിളവെടുപ്പിന്‍റെയും പ്രതീക്ഷയുടെയും കാലം. ഇത്തവണ ഏത്തവാഴ കര്‍ഷകരും ഏറെ സന്തോഷത്തിലാണ്. ഏത്തക്കായ്ക്ക് വിപണിയില്‍ വില ഉയര്‍ന്നതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നൽകുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് ഓണം വെറുമൊരു ഓര്‍മ മാത്രമായിരുന്നു. കലിതുള്ളി കടന്നുപോയ കാലവര്‍ഷങ്ങളും കൊവിഡുമെല്ലാം ഏത്തവാഴ കര്‍ഷകരുടെ ഓണക്കാല പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
ഓണക്കാലത്ത് ഏറെ പ്രതീക്ഷയിൽ ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകർ ഓണവിപണികള്‍ സജീവമാകുന്നതോടെ ഏത്തക്കായ വില വീണ്ടും വര്‍ധിക്കുമെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍. നിലവില്‍ കിലോഗ്രാമിന് 50 മുതല്‍ 60 രൂപ വരെ വിപണിയില്‍ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിട്ടതോടെ പലരും ഏത്തവാഴ കൃഷിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇത്തവണ ചിപ്‌സ് വിപണി സജീവമാകുന്ന സാഹചര്യത്തിൽ ഏത്തക്കായുടെ വിലയും ഉയരുമെന്നാണ് പ്രതീക്ഷ. ഇത്തവണയെങ്കിലും കടബാധ്യതയും പട്ടിണിയുമില്ലാത്ത ഒരോണക്കാലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ കര്‍ഷകര്‍.