ഇടുക്കി: മറ്റൊരു വര്‍ഷകാലം കൂടി പെയ്തു തുടങ്ങുമ്പോള്‍ സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള യാത്രാക്ലേശത്തിന് ഇനിയും പരിഹാരമായില്ല. കല്ലുകള്‍ നിറഞ്ഞ വഴികളിലൂടെ ജീവനും കയ്യില്‍ പിടിച്ച് ജീപ്പ് മാര്‍ഗമാണ് ആദിവാസി കുടുംബങ്ങള്‍ പുറം ലോകത്തെത്തുന്നത്. ഇടമലക്കുടിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നുള്ള ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. പക്ഷെ പരിഹാരമായില്ല.
യാത്രാക്ലേശത്തില്‍ നിന്ന് കരകയറാനാകാതെ ഇടമലക്കുടിക്കാര്‍ - റോഡ് പ്രശ്‌നം
ചികിത്സാ സംബന്ധമായ അടിയന്തര സാഹചര്യങ്ങളില്‍ റോഡുകളുടെ അപര്യാപ്തത തീര്‍ക്കുന്ന ദുരിതം ചില്ലറയല്ല.
വേനല്‍കാലത്തെ അപേക്ഷിച്ച് വര്‍ഷകാലത്താണ് ഗോത്രമേഖലയിലേക്കുള്ള യാത്രാക്ലേശം രൂക്ഷമാകുന്നത്. തെന്നിതെറിച്ച് കിടക്കുന്ന കാട്ടുകല്ലുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര തീര്‍ത്തും അപകടകരമാണ്. ചികിത്സാ സംബന്ധമായ അടിയന്തര സാഹചര്യങ്ങളില്‍ റോഡുകളുടെ അപര്യാപ്തത തീര്‍ക്കുന്ന ദുരിതം ചില്ലറയല്ല. മഴക്കാലം ശക്തിപ്രാപിച്ചാല്‍ കാട്ടുചോലകളില്‍ ഒഴുക്ക് വര്‍ധിക്കും. കാനനപാതയില്‍ പണി പൂര്‍ത്തീകരിക്കപ്പെടാത്ത പാലങ്ങളുണ്ട്. കഴിഞ്ഞ പ്രളയ കാലത്തും ഇടമലക്കുടിയിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇടമലക്കുടിയുടെ വികസനത്തിനായി പദ്ധതികള്‍ ആവിക്ഷക്കരിക്കപ്പെടുന്നുവെന്ന് പറയുമ്പോഴും അടിസ്ഥാന സൗകര്യമായ റോഡുനിര്‍മാണം എങ്ങുമെത്താത്തത് ആക്ഷേപത്തിന് ഇടവരുത്തുന്നുണ്ട്. ഇത്തവണയും കലാവര്‍ഷം കലിതുള്ളിയാല്‍ തങ്ങള്‍ ഒറ്റപ്പെടുമോയെന്ന ആശങ്കയും ഗോത്രകുടുംബങ്ങള്‍ പങ്കുവച്ചു.