ഇടുക്കി: തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മക്കും മകനും പരിക്കേറ്റു. കോഴിമല സ്വദേശിയായ കണ്ണംകുളത്ത് രാജമ്മ, മകൻ ദിനു എന്നിവർക്കാണ് പരിക്കേറ്റത്.
തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മക്കും മകനും പരിക്ക് - idukki
പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മക്കും രക്ഷിക്കാനെത്തിയ മകനുമാണ് പരിക്കേറ്റത്
ശനിയാഴ്‌ച പുലർച്ചെ ആറരയോടെയാണ് പ്രഭാത സവാരിക്കിറങ്ങിയ കോഴിമല ബാലപാടിക്ക് സമീപം താമസിക്കുന്ന രാജമ്മക്ക് നേരെ തെരുവ് നായ ആക്രമണമുണ്ടായത്. ബഹളം കേട്ട് സമീപത്ത് താമസിക്കുന്ന മകൻ ദിനു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നായ ദിനുവിനെയും കടിക്കുകയായിരുന്നു. പരിക്കേറ്റ രാജമ്മയും മകനും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രാജമ്മയുടെ കൈക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇതേ നായയുടെ കടിയേറ്റ് പ്രദേശവാസികളായ ബിനു, ഷാന്‍റി എന്നീ രണ്ടു പേർക്കും നിസാര പരിക്കേറ്റു. ഒട്ടേറെ വളർത്ത് മൃഗങ്ങളെയും നായ കടിച്ചിട്ടുണ്ടെന്നാണ് വിവരം. കോഴിമല മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ ആരോപണം.