ഇടുക്കി: കഴിഞ്ഞ ദിവസത്തെ ശക്‌തമായ മഴയിൽ 2018ലെ പ്രളയത്തിൽ ബലക്ഷയം സംഭവിച്ച വീട് നിലം പതിച്ചു. ചിന്നക്കനാൽ മുട്ടുകാട് സ്വദേശി സോമന്‍റെ വീടാണ് ഇടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.
ഷൈനി, സോമന്‍, പ്രദേശവാസി എന്നിവരുടെ പ്രതികരണങ്ങള്‍ അപകടത്തില്‍ വീടും വീട്ടുപകരണങ്ങളും പൂർണമായും നശിച്ചു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന സോമന്‍റെ ഭാര്യ ഷൈനി ശബ്‌ദം കേട്ട് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു. നിലവിൽ സമീപവാസിയുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് സോമനും കുടുംബവും.
2018ലെ പ്രളയത്തിൽ വീടിന് വിള്ളൽ വീഴുകയും ബലക്ഷയം സംഭവിയ്ക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പഞ്ചായത്ത്, റവന്യൂ അധികൃതർ എത്തി പരിശോധന നടത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ഭിന്നശേഷിക്കാരനായ സോമനും രോഗിയായ ഷൈനിയും മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഉള്‍പ്പെടെ താമസിച്ചിരുന്നത്.
ഹോളോബ്രിക്‌സ് ഉപയോഗിച്ച് നിർമിച്ച വീടായതിനാൽ ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യവും ഇവർക്ക് ലഭിച്ചില്ല. അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതർ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സോമനും കുടുംബവും.