തേനീച്ച കൃഷിയിൽ വിജയം കൊയ്ത് ജീവിതം കെട്ടിപ്പടുക്കുകയാണ് ഇടുക്കി രാജപുരം സ്വദേശി ബൈജു മാത്യു. പുരയിടത്തിൽ സ്ഥാപിച്ചിട്ടുള്ള തേനീച്ച കോളനികളിൽ നിന്നും വലിയൊരു തുകയാണ് വാർഷിക വരുമാനമായി ബൈജുവിന് ലഭിക്കുന്നത്. ഒരൽപം കഷ്ടപ്പെട്ടാൽ തേനീച്ച കൃഷിയിലൂടെ ജീവിതം തേൻ പോലെ മധുരമുള്ളതാകുമെന്ന് ബൈജു ഓർമപ്പെടുത്തുന്നു.
തേനീച്ച കൃഷിയിൽ വിജയചരിത്രമെഴുതി ഇടുക്കി രാജപുരം സ്വദേശി - തേനീച്ച
കാലാവസ്ഥയ്ക്കിണങ്ങിയ തേനീച്ചകളെ ഓസ്ട്രേലിയൻ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. തേനിനൊപ്പം വികസിപ്പിച്ചെടുത്ത കോളനികളും ബൈജു ആവശ്യക്കാർക്ക് വിൽപന നടത്തി വരുമാനം കണ്ടെത്തുന്നു.
19 വർഷം മുമ്പാണ് ബൈജു തേനീച്ച കൃഷി ആരംഭിച്ചത്. ഇടുക്കിയിലേക്ക് കുടിയേറിയ ബൈജുവിന്‍റെ പിതാവ് കാട്ടു തേൻ ശേഖരിക്കുന്നത് കണ്ടായിരുന്നു തേനീച്ച കൃഷിയുടെ കമ്പം ഉദിച്ചത്. ആദ്യമൊക്കെ കാട്ടു തേനീച്ചയെ മൺപൊത്തിൽ നിന്നും റാണി ഉൾപ്പടെ വേർപെടുത്തി പെട്ടിയിൽ വച്ച് തേൻ ഉൽപാദിപ്പിച്ചിരുന്ന ബൈജുവിന് ഇപ്പോൾ എണ്ണൂറോളം തേനീച്ച കോളനികൾ സ്വന്തമായുണ്ട്. കാലാവസ്ഥയ്ക്കിണങ്ങിയ തേനീച്ചകളെ ഓസ്ട്രേലിയൻ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത് ബൈജു തേനീച്ച കൃഷിയിൽ വിജയ ചരിത്രമെഴുതി മുന്നോട്ടുപോകുന്നു. തേനിനൊപ്പം താൻ വികസിപ്പിച്ചെടുത്ത കോളനികളും ബൈജു ആവശ്യക്കാർക്ക് വിൽപന നടത്തി വരുമാനം കണ്ടെത്തുന്നു.
ഇടുക്കിയുടെ കാലാവസ്ഥ തേനീച്ച വളർത്തലിന് അനുയോജ്യമാണെന്ന് ബൈജു പറയുന്നു. ഒരു തേനീച്ച കോളനിയിൽ നിന്നും വർഷം 10 മുതൽ 20 കിലോ വരെ തേൻ ലഭിക്കും. ഒരുകിലോ തേനിനു ശരാശരി 400 രൂപ വില ലഭിക്കുന്നുണ്ട്. 1000 മുതൽ 2600 രൂപവരെയാണ് ഒരു തേനീച്ച കോളനിയുടെ വില. തേനീച്ച കൃഷി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വരുമാനം ലഭിച്ചു തുടങ്ങുമെന്നും ബൈജു സാക്ഷ്യപ്പെടുത്തുന്നു. കുറഞ്ഞ ചിലവിൽ സ്ഥിരമായ വരുമാനം ലഭിക്കുന്ന കൃഷിയായാണ് ബൈജു തേനീച്ചകൃഷിയെ നോക്കിക്കാണുന്നത്. മധുരമുള്ള ഒരു ജീവിതം സമ്മാനിച്ച തേനീച്ചകളെ പരിപാലിക്കാൻ ബൈജുവിനൊപ്പെം കുടുംബമൊന്നാകെ കൂടെയുണ്ട്.