ഇടുക്കി:ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കോളജ് അടച്ചിട്ടും സഹപാഠിയെ ഒരു നോക്ക് കാണാന്‍ വിദ്യാര്‍ഥികള്‍ തടിച്ചുകൂടി. വിതുമ്പി കരയുന്ന സുഹൃത്തുക്കളുടെ മുഖം ഇടുക്കിയേയും കണ്ണീരിലാഴ്ത്തി.
കലാലയങ്ങള്‍ എന്നും മധുരമുള്ള ഓര്‍മകളായി മനസില്‍ സൂക്ഷിക്കപ്പെടുന്നതാണ്. ജാതിയുടേയും മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും അതിര്‍വരമ്പുകളില്ലാത്ത സൗഹൃദങ്ങളുടെ സ്നേഹത്തണൽ കൂടിയായിരുന്നു ഇടുക്കിയിലെ എഞ്ചീനിയറിങ് കോളജും. എന്നാല്‍ ധീരജ് രാജേന്ദ്രനെന്ന വിദ്യാര്‍ഥിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തി വീഴ്ത്തിയപ്പോള്‍ കണ്ടുനില്‍ക്കേണ്ടി വന്ന വിദ്യാര്‍ഥികളുടെ കണ്ണുകളില്‍ ഇപ്പോഴും ഈറനുണങ്ങിയിട്ടില്ല. വീടുകളിലേയ്ക്ക് മടങ്ങുവാന്‍ നിര്‍ദേശം നല്‍കിയിട്ടും പെണ്‍കുട്ടികളടക്കമുള്ള വിദ്യാർഥികള്‍ ഉറങ്ങാതെ കാത്തുനിന്നു, ധീരജിനെ അവസാനമായി ഒരുനോക്ക് കാണാന്‍.
ധീരജിന് ഇടുക്കിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി ALSO READ:ധീരജ് കൊലപാതകം: എറണാകുളം മഹാരാജാസ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചിടും
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ആദ്യം സി.പി.എം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു. ഇവിടെ നിന്നും കോളജ് അധികൃതരുടെ ആവശ്യപ്രകാരം ക്യാമ്പസിലെത്തിച്ചും പൊതുദര്‍ശനം നടത്തി. ഇന്നലെ ഊര്‍ജസ്വലതയോടെ തെരഞ്ഞെടുപ്പിനായെത്തിയ ധീരജ് കൊലക്കത്തിക്കിരയായി ഇന്ന് വിടപറയുമ്പോള്‍ വൈകാരിക നിമിഷങ്ങളായിരുന്നു ക്യാമ്പസിലുണ്ടായത്.
അതേസമയം ധീരജിനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ട് വിദ്യാര്‍ഥികളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ജെറിന്‍ ജോജോയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റത്തിനാണ് നിഖിലെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്.ഐ.ആര്‍. അതേസമയം കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതു സംബന്ധിച്ച് അന്വേഷണവും ഊര്‍ജിതമാണ്.