ഇടുക്കി: പാട്ടക്കരാര്‍ അവസാനിച്ച ഇടുക്കി ചിന്നക്കനാലിലെ എച്ച്‌എന്‍എല്‍ കമ്പനിയുടെ സ്ഥലം വനംവകുപ്പിന് വിട്ട് നല്‍കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം നടത്താന്‍ ഭൂമിയില്ലെന്ന വാദത്തിനിടെയാണ് ഏക്കര്‍ കണക്കിന് ഭൂമി വനംവകുപ്പിന് നല്‍കാനുള്ള നീക്കം. റവന്യൂ വകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍ രംഗത്തെത്തി.
വനംവകുപ്പിന് ഭൂമി വിട്ട് നല്‍കാന്‍ നീക്കം
ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി 2003ല്‍ ചിന്നക്കനാലിലെ വിവിധ മേഖലകളിലായി 1,490 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ 566 കുടുംബങ്ങള്‍ക്കായി 668 ഏക്കര്‍ ഭൂമി മാത്രമാണ് വിതരണം ചെയ്‌തത്. ബാക്കി ഭൂമി വിതരണം നടത്താത്തതിനെതിരെ പ്രതിഷേധവും പരാതിയും ഉയര്‍ന്നതോടെ വിതരണത്തിന് ഭൂമിയില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
ആകെ 810 ഏക്കര്‍ മാത്രമാണ് റവന്യൂ ഭൂമിയെന്നും വിതരണം നടത്തിയതിന്‍റെ ബാക്കിയുള്ള 142 ഏക്കര്‍ ഭൂമിയില്‍ കൈവശ അവകാശമുന്നയിച്ച് നിരവധി പേര്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ബാക്കിയുള്ള ഭൂമി എച്ച്എന്‍എല്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയെന്നുമാണ് റവന്യൂവകുപ്പിന്‍റെ വാദം.