ഇടുക്കി:കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നു. ഒരു ഡാമിന്‍റെ ഷട്ടർ തുറക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്ന് ചിന്തിക്കാൻ വരട്ടെ. ഇടുക്കി ഡാമിന്‍റെ ഷട്ടർ തുറക്കുന്നു എന്ന് പറയുമ്പോളും സത്യം മറ്റൊന്നാണ്. കാരണം ഇടുക്കി ഡാമിന് ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകൾ, ഇടുക്കി ആർച്ച് ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ് തുറക്കുന്നത്.
ജില്ലയിലെ മറ്റ് ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഭൂകമ്പത്തെ ചെറുക്കുന്നതിനുള്ള പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പെരിയാറിന് കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഡാം ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്. കാരണം അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ 11 തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നുവിട്ടിട്ടുള്ളത്.