ഇടുക്കി: കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ ചരിത്ര സ്‌മരണകൾപേറുന്ന തിരുവിതാംകൂർ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം തകർന്നു. കേരള -തമിഴ്‌നാട് അതിർത്തിയിൽ ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസ് ആണ് തകർന്നത്. ചരിത്ര പ്രധാന്യം ഉള്ള ഈ കെട്ടിടം നിലവിൽ സംസ്ഥാന വാണിജ്യ, ആദായ നികുതി വകുപ്പിന്റെ കീഴിലാണ്.
കേരളവും-തമിഴ്‌നാടും അതിർത്തി പങ്കിടുന്ന ബോഡിമെട്ടിൽ ചുങ്കം പിരിക്കുന്നതിനായി തിരുവിതാകൂർ രാജഭരണ കാലത്ത് പണികഴിപ്പിച്ച കെട്ടിടമാണ തകര്‍ന്നത്. കസ്റ്റംസ് ഹൗസ് എന്ന പേരിൽ രാജമുദ്രയോടെ പതിറ്റാണ്ടുകളായി തലയുർത്തി നിന്ന ചരിത്ര സ്‌മാരകം കേരള സംസ്ഥാനം രൂപീകരിച്ചതോടെ വാണിജ്യ, ആദായ നികുതി വകുപ്പിന്റെ അതിർത്തി ചെക്ക്‌പോസ്റ്റ് ഓഫിസ് ആയി മാറി. കല്ലും മണ്ണും ഉപയോഗിച്ച് നിർമിച്ച കെട്ടിടം വാണിജ്യ വകുപ്പ് അറ്റകുറ്റ പണികൾ നടത്താതെ വന്നതോടെ ക്ഷയിച്ചു തുടങ്ങിയിരുന്നു.