ഇടുക്കി: രാജഭരണകാലത്തെ ചരിത്ര സ്മാരകമായ കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ല. കേരള- തമിഴ്‌നാട് അതിർത്തിയിൽ ബോഡിമെട്ടില്‍ തിരുവിതാംകൂര്‍ രാജഭരണ കാലത്ത് പണികഴിപ്പിച്ച ചുങ്കം പിരിക്കുന്നതിനുള്ള കെട്ടിടമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഖജനാവിലേക്ക് പണം കണ്ടെത്തുന്നതിനായി സ്ഥാപിച്ച ഈ കസ്റ്റംസ് ഹൗസ് പിന്നീട് സംസ്ഥാന സർക്കാരിന്‍റെ വാണിജ്യനികുതി ചെക്ക് പോസ്റ്റായി മാറി. തുടര്‍ന്ന് രാജ്യത്ത് ഏകീകൃത നികുതി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ കെട്ടിടം അനാഥമായി.
രാജഭരണകാലത്തെ ചരിത്ര സ്‌മാരകം നാശത്തിന്‍റെ വക്കില്‍
രാജഭരണകാലത്ത് ചുങ്കം പിരിക്കുന്നതിന് പണികഴിപ്പിച്ച കെട്ടിടം പിന്നീട് വാണിജ്യനികുതി ചെക്ക് പോസ്റ്റായി മാറി. ജി.എസ്.ടി നടപ്പാക്കിയതോടെ പ്രവര്‍ത്തനം നിലക്കുകയും കെട്ടിടം അനാഥമാകുകയും ചെയ്‌തു.
കെട്ടിടം ഏറ്റെടുത്തിന് ശേഷം ഇത് വേണ്ട രീതില്‍ അറ്റകുറ്റപണി നടത്തി സംരക്ഷിക്കുന്നതിന് വാണിജ്യ വകുപ്പ് നടപടികൾ ഒന്നും സ്വീകരിച്ചില്ല. രാജചിഹ്നമായ ശംഖുമുദ്രയുള്ള കെട്ടിടം നാശത്തിന്‍റെ വക്കിലാണ്. കെട്ടിടം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാന അതിർത്തിയിൽ പരിമിതമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ചരിത്ര പ്രധാനമുള്ള കെട്ടിടം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.