ഇടുക്കി: കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മലയോര ജില്ലയായ ഇടുക്കിയിലെ ഭൂരിഭാഗം ജനങ്ങളും. 1980കളില്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയ മിച്ചഭൂമി വാങ്ങി കുടിയേറിയ കര്‍ഷകരാണ് ഇവരിൽ പലരും.
വന്യമൃഗ ഭീതിയിൽ മലയോര മേഖല; ആശങ്കയോടെ കർഷകർ മലമേടുകളായി കിടന്ന മണ്ണിൽ വിയർപ്പൊഴുക്കി ഏറ്റവും ഗുണമേന്മയുള്ള കുരുമുളകും ഏലവും സമൃദ്ധമായി വിളയിച്ച് അവർ ജീവിതം മുന്നോട്ട് നീക്കി. അതിനിടെ പല വന്യമൃഗങ്ങളും അവരുടെ കൃഷിയിടത്തിലേക്കെത്തി വിളകൾ പലതും നശിപ്പിച്ചിരുന്നു. പക്ഷെ അതിനോടെല്ലാം പൊരുതി അവർ ജീവിച്ചു. എന്നാൽ കാലം മാറി കാട് നാടായതോടെ വന്യമൃഗശല്യവും വർധിച്ചു.
വന്യമൃഗം ശല്യം രൂക്ഷമായ ജില്ലയിലെ ഒരു പ്രദേശമാണ് മാങ്കുളത്തെ പാമ്പുംകയം. പ്രധാനമായും കാട്ടാനകളാണ് പ്രദേശത്തെ വിളകൾ നശിപ്പിക്കുന്നത്. നിരവധി വീടുകളും ഏക്കറ് കണക്കിന് കൃഷികളും ഇതിനോടകം കാട്ടാന നശിപ്പിച്ചു കഴിഞ്ഞു. ഉണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെട്ട പലരും ഇപ്പോള്‍ വാടക വീടുകളിലും സമീപത്തെ ബന്ധുവീടുകളിലുമാണ് അന്തിയുറങ്ങുന്നത്. കൂട്ടമായിട്ടെത്തുന്ന കാട്ടാനകള്‍ കാരണം സ്വയം കുടിയൊഴിയാനൊരുങ്ങുകയാണ് കര്‍ഷകരിൽ പലരും. ഇത്രയും നാൾ ജീവിച്ചിരുന്ന വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് അവരിപ്പോൾ. നാല്‍പ്പത് കുടുംബങ്ങളാണ് ഇവിടെ കൃഷിയെ ആശ്രയിച്ച് താമസിച്ചിരുന്നത്. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് സ്വന്തം വീടും ജീവനെ പോൽ സ്നേഹിച്ച മണ്ണും ഉപേക്ഷിച്ച് പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ചില കർഷകർ.
വർഷങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. കാട്ടാനയ്‌ക്കൊപ്പം കുരങ്ങ്, കാട്ടുപന്നി, പുലി, മുള്ളന്‍പന്നി എന്നിവയുടെയും ശല്യവും മേഖലയില്‍ രൂക്ഷമാണ്. തങ്ങള്‍ക്ക് സുരക്ഷിതമായ മറ്റൊരിടം നല്‍കുകയോ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. വന്യമൃഗ ഭീതിയില്ലാതെ നാളുകൾ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാങ്കുളത്തെ കർഷകർ.