എറണാകുളം: ദേവികുളം എംഎല്‍എ എ രാജയ്‌ക്ക് വീണ്ടും തിരിച്ചടി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കു കൂടി സ്‌റ്റേ ചെയ്യണമെന്ന ദേവികുളം മുൻ എംഎൽഎ എ. രാജയുടെ ഹർജി ഹൈക്കോടതി തള്ളി. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്‌റ്റേ അനുവദിച്ചിരുന്നു.
ഇത് ദീർഘിപ്പിക്കണമെന്നായിരുന്നു ആവശ്യം. സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതോടെ ഇനി സുപ്രീംകോടതി നടപടികൾ രാജയെ സംബന്ധിച്ച് നിർണായകമാണ്. പട്ടിക ജാതി സംവരണ മണ്ഡലമായ ഇടുക്കിയിലെ ദേവികുളത്ത് മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്.
മത്സരിക്കാന്‍ യോഗ്യതയില്ല:എതിർ സ്ഥാനാർഥിയായിരുന്ന യുഡിഎഫിലെ ഡി കുമാർ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിച്ചുവെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം. രാജയുടെ നാമനിർദേശം തന്നെ റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തിൽപെട്ടയാളല്ല രാജയെന്ന് വ്യക്തമായി. അതുകൊണ്ടു തന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിൽ മാമ്മോദിസ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജ എന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. രാജയും ഇതേ പള്ളിയിൽ മാമ്മോദിസ സ്വീകരിച്ച് ക്രൈസ്‌തവ വിശ്വാസി ആയി. കൂടാതെ, ഭാര്യയും ക്രൈസ്‌തവ വിശ്വാസി ആണെന്നും ഹർജിയിൽ വാദമുന്നയിച്ചിരുന്നു. പള്ളിയിലെ കുടുംബ രജിസ്‌റ്റർ, രാജയുടെ വിവാഹ ഫോട്ടോ എന്നിവയടക്കം പരിശോധിച്ചാണ് കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.