എറണാകുളം:പെന്‍ഷന്‍ മുടങ്ങിയതിനെതിരെ യാചന സമരത്തിനിറങ്ങിയ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് കോടതി പറഞ്ഞു. അല്ലെങ്കില്‍ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.(High court criticizes govt)
ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ: മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സര്‍ക്കാരിനുണ്ട്. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്‍റെയും ആഹാരത്തിന്‍റെയും ചെലവെങ്കിലും (Mariyakkutty's petition on pension) കൊടുക്കൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിധവ പെന്‍ഷന്‍ കുടിശിക വേണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍, കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി.(central govt share not get) ക്രിസ്‌മസിന് പെന്‍ഷന്‍ ചോദിച്ചു വന്നത് നിസാരം ആയി കാണാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. 78 വയസ്സുള്ള സ്ത്രീയാണെന്ന് കോടതി സൂചിപ്പിച്ചു. വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. 1600 രൂപയല്ലെ ചോദിക്കുന്നുളളൂ എന്ന് കോടതി ആരാഞ്ഞു. മറിയക്കുട്ടിയുടെ പരാതി ആര് കേള്‍ക്കുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
വിമർശനം: സര്‍ക്കാരിന്‍റെ കയ്യില്‍ പണം ഇല്ലെന്ന് പറയരുതെന്ന് കോടതി ആവശ്യപ്പെട്ടു. പല ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നുണ്ട്. ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. കോടതിക്ക് പൗരന് ഒപ്പം നിന്നേ പറ്റൂ. 1600 രൂപ സര്‍ക്കാരിന് ഒന്നും അല്ലായിരിക്കും. എന്നാല്‍ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണ്. ഏതെങ്കിലും ആഘോഷങ്ങള്‍ വേണ്ട എന്ന് വെക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകൻ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് ക്രിസ്‌മസ് സീസണ്‍ ആണെന്ന് ഓര്‍ക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
Also Read:വ്യാജ പ്രചരണം; സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്‌ട കേസുമായി മറിയക്കുട്ടി
സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്‌ട കേസുമായിമറിയക്കുട്ടി:തനിക്കെതിരെയുണ്ടായ വ്യാജ സൈബര്‍ പ്രചാരണത്തില്‍ സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌ത് അടിമാലി സ്വദേശിനി മറിയക്കുട്ടി. പത്രത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പത്ത് പേര്‍ക്കെതിരെയാണ് അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മറിയക്കുട്ടി പരാതി നല്‍കിയത്. പത്രത്തിലൂടെ പ്രചരിപ്പിച്ചത് അവാസ്‌തവവും വ്യാജ പ്രചാരണവുമാണെന്ന് മറിയക്കുട്ടി പറയുന്നു.
തന്‍റെ പേരില്‍ ഇല്ലാത്ത സ്വത്തുവകകള്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തുകയാണുണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തി. വ്യാജ പ്രചരണം തനിക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചത്. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് അടിമാലി സ്വദേശിനിയായ മറിയക്കുട്ടി (87), അന്ന ഔസേപ്പ് (80) എന്നിവര്‍ പ്രതിഷേധ സൂചകമായി സമരം നടത്തിയിരുന്നു. അടിമാലിയില്‍ ഭിക്ഷ യാചിച്ചാണ് ഇരുവരും സമരം നടത്തിയത്.
സമര വാര്‍ത്തകള്‍ മാധ്യമ ശ്രദ്ധ നേടുകയും ചെയ്‌തു. ഇതിന് പിന്നാലെ മറിയക്കുട്ടിക്ക് വലിയ ആസ്‌തിയുണ്ടെന്ന് കാണിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. മന്നാങ്കണ്ടം വില്ലേജ് പരിധിയിലെ പഴമ്പള്ളിച്ചാലില്‍ മറിയക്കുട്ടിക്ക് സ്വന്തമായി ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒരെണ്ണം വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണെന്നുമാണ് പത്രത്തില്‍ നല്‍കിയ വാര്‍ത്ത. മറിയക്കുട്ടിയുടെ നാല് പെണ്‍മക്കളും നല്ല സാമ്പത്തിക സ്ഥിതിയിലാണെന്നും പത്രത്തിലൂടെ പ്രചരിപ്പിച്ചിരുന്നു. പത്രത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ തനിക്ക് സ്വത്തുവകകള്‍ ഉണ്ടെങ്കില്‍ രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫിസിലെത്തി അപേക്ഷ നല്‍കി.
അപേക്ഷ സ്വീകരിച്ച വില്ലേജ് ഓഫിസര്‍ മന്നാങ്കണ്ടം വില്ലേജില്‍ ഒരിടത്തും മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയില്ലെന്നുള്ള റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പത്രത്തിനെതിരെ മറിയക്കുട്ടി കോടതിയെ സമീപിച്ചത്.