ഇടുക്കി: രാജകുമാരി, രാജാക്കാട്, സേനാപതി, ശാന്തൻപാറ പഞ്ചായത്തുകളിൽ കനത്ത മഴയിൽ വ്യാപക നാശം. മരം വീണ് വൈദ്യുതി പോസ്റ്റുകൾ പല സ്ഥലങ്ങളിലും ഒടിഞ്ഞു. ഇന്നലെ രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. രാജാക്കാട് ആദിത്യപുരം കോളനിയിൽ മരം ഒടിഞ്ഞു വീണ് മൂന്ന് വൈദ്യുത പോസ്റ്റുകൾ നിലംപൊത്തി. രാജകുമാരിയിലും മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു.
ഇടുക്കിയില്‍ കനത്ത മഴ: വ്യാപക കൃഷി നാശം - കനത്ത മഴ
മരം വീണ് വൈദ്യുതി പോസ്റ്റുകൾ പല സ്ഥലങ്ങളിലും ഒടിഞ്ഞു. ഇന്നലെ രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
രാജകുമാരി മഞ്ഞക്കുഴി റോഡിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സേനാപതി കനകപ്പുഴ മുക്കത്ത് ബാബുവിന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ബാബുവിന്‍റെ കുടുംബത്തെ മാറ്റി പാർപ്പിച്ചു. ശാന്തൻപാറ വാക്കോടൻ സിറ്റി സ്വദേശിയായ കൃഷ്ണൻ നമ്പൂതിരിയുടെ വീട് മരം വീണ് തകർന്നു. പുലർച്ചെ മൂന്നിനാണ് വൻമരം ഇവരുടെ വീടിനു മുകളിലേക്ക് പതിച്ചത്. കൃഷ്ണൻ നമ്പൂതിരിയും ഭാര്യ ചിന്താമണി അന്തർജനവുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ ഇവർ അപകടത്തിൽ നിന്ന് രക്ഷപെട്ടു.
രാജാക്കാട് മുല്ലക്കാനം വാരാപ്പിള്ളിൽ മനോജിന്‍റെ വീടിന്‍റെ മേൽക്കൂര മരം വീണ് തകർന്നു. ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. പഴയവിടുതി പരിയാരത്ത് മഞ്ജു ഷാജിയുടെ 125 ഏല ചെടികൾ കാറ്റിൽ ഒടിഞ്ഞു വീണു. രാജാക്കാട് കൊച്ചാപ്പിള്ളിൽ എബിൻ, പുളിക്കൽ ജയകുമാർ എന്നിവരുടെ ഏത്തവാഴ കൃഷിയും കാറ്റിൽ നശിച്ചു. ചിന്താമണി പൂപ്പാറ ഗാന്ധിനഗർ തോട്ടുമുക്കിൽ അലക്സാണ്ടറുടെ വീടിനു മുകളില്‍ മരം വീണു. അടുക്കള ഭാഗം പൂർണമായും തകർന്നു. അലക്സാണ്ടറും ഭാര്യ ജ്ഞാനമണിയും പരിക്കേൽക്കാതെ രക്ഷപെട്ടു.