ഇടുക്കി:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുള്‍പൊട്ടല്‍ ഭീഷണിയിൽ ഇടുക്കി ഹൈറേഞ്ചിലെ മലയോരമേഖലകള്‍. ജില്ലയിൽ ഇതിനകം രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴക്കൊപ്പം കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക കൃഷിനാശവുമുണ്ടായി. മൂന്നാർ ഉദുമൽപേട്ട സംസ്ഥാനന്തര പാതയിൽ പെരിയവരൈയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു.
മൂന്നാർ മേഖലയിലെ കാലവർഷക്കെടുതികൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചു. അതേ സമയം ലോറേഞ്ചിൽ അടക്കം കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
അപകടസാധ്യത മുന്നിൽക്കണ്ട് 25 അംഗ എൻ.ഡി.ആർ.എഫ് സംഘം മൂന്നാർ കോളനിയിൽ ക്യാമ്പു ചെയ്യുന്നുണ്ട്. മൂന്നാര്‍ മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപവും മൂന്നാര്‍ മറയൂര്‍ റോഡിലുമാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നാറിൽ അന്തോണിയാർ കോളനിയിലെ 35 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.