ഇടുക്കി:കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അടിമാലിയില്‍ പരക്കെ മഴ ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിലും മഴയിലും കുളമാംകുഴി ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ചില വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു.
അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ രണ്ടടിയോളം ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാശനഷ്ടമുണ്ടായ ഇടങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ച പകലും കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.