ഇടുക്കി: ഹൈറേഞ്ചിൽ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്‌ടം. മഴയിൽ നാല് വീടുകൾ തകർന്നു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ ജൂലൈ 21ന് മഴക്കെടുതിയിൽ പരിക്കേറ്റവരുടെ എണ്ണം നാലായി.
സേനാപതി കാന്തിപ്പാറ പുത്തൻപറമ്പിൽ മേരി ജോസഫിന്‍റെ വീട് ശക്തമായ കാറ്റിൽ തകർന്നു. കൊച്ചുമകൾ ദേവനന്ദയ്ക്ക് വീടിൻ്റെ ഭാഗങ്ങൾ ശരീരത്തിൽ പതിച്ച് പരിക്കേറ്റു.
നെടുങ്കണ്ടത്തിന് സമീപം കുമളി-മൂന്നാർ സംസ്ഥാനപാതയിൽ മരം കടപുഴകി വീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. പാറത്തോട് സ്വദേശി മദന് (30) ഗുരുതരമായി പരിക്കേറ്റു. തലയോടിന് ഗുരുതരമായ് പരിക്കേറ്റ ഇയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഴഗിരിയ്ക്കും സാരമായ പരിക്കുണ്ട്.