ഇടുക്കി :ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 50 സെന്റി മീറ്റര്‍ വീതം രണ്ട് ഷട്ടറുകൾ തുറന്ന് 100 ക്യുമെക്‌സ് (ഒരു ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.
വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം.
മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഡാമിലേക്ക് വരുന്ന നീരുറവ എത്രയെന്ന് നിശ്ചയിച്ച് അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴുക്കി വിടാനാണ് തീരുമാനം.
ഡാം തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.