ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ അസാധാരണ സാഹചര്യം. പലയിടത്തും മണ്ണിടിഞ്ഞു, ഉരുൾപൊട്ടി, മരം വീണു, പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം താറുമാറായി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇടുക്കിയിൽ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങിയത്. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴ അതി തീവ്ര രൂപം പ്രാപിക്കുകയായിരുന്നു.
ഇതോടെ അസാധാരണമായ സാഹചര്യങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ഹൈറേഞ്ച് മേഖലയിൽ മഴ കനത്ത നാശം വിതച്ചു. ഏലപ്പാറ വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ കാണാതായി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി. അഗ്നിശമന സേന പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ മുതൽ തിരച്ചിൽ തുടരും.
പലയിടത്തും ഗതാഗതം താറുമാറായി കട്ടപ്പന- കുട്ടിക്കാനം, കുട്ടിക്കാനം- കുമളി, കട്ടപ്പന- കുമളി, കട്ടപ്പന- ഇടുക്കി റോഡുകളിൽ വ്യാപകമായി മണ്ണിടിഞ്ഞു വീണു. മരങ്ങൾ കടപുഴകി റോഡുകളിലേക്ക് വീണു കിടക്കുകയാണ്. വലിയ കല്ലുകൾ റോഡിലേക്ക് വീണതോടെ ഗതാഗതം താറുമാറായി. പലയിടത്തും ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും രാത്രി വൈകിയും രക്ഷാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഏലപ്പാറയിൽ കുതിച്ചെത്തിയ വെള്ളം ടൗണിനെ മുക്കി. കോഴിക്കാനം ജംഗ്‌ഷൻ പൂർണമായി വെള്ളത്തിൽ മുങ്ങി. രാത്രി എട്ടോടെ കെ. ചപ്പാത്ത് പാലത്തിൽ വെള്ളം കയറി. ഇതിനു തൊട്ടു മുമ്പ് ശാന്തിപാലത്തിലും വെള്ളം കയറി. ഉപ്പുതറ ടൗണിൽ രാത്രി വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇതോടെ വ്യാപാരികൾ കടകളിൽ നിന്നും സാധനങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. വണ്ടിപ്പെരിയാറ്റിൽ വീടുകളിൽ വെള്ളം കയറി. ഹൈറേഞ്ചിന്‍റെ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.