ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശ നഷ്‌ടം. മരം കടപുഴകി വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്യുന്നത് (heavy rain cause Widespread damage in Idukki). നെടുങ്കണ്ടത്ത് കാല്‍ വഴുതി തോട്ടിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി വെളിയില്‍ ആശ ആണ് മരിച്ചത്.
ഭര്‍ത്താവുമൊത്ത്, സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രിയോടെ ആയിരുന്നു അപകടം. നെടുങ്കണ്ടം ആശാരികണ്ടത്തെ സൃഹൃത്തിന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു ആശയും ഭര്‍ത്താവ് ഷെറിനും. പ്രദേശത്തെ തോടിന് മുകളിലുള്ള കലുങ്കില്‍ വാഹനം നിര്‍ത്തി, ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആശ കാല്‍ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. സംഭവം നടന്ന പ്രദേശത്ത് നിന്നും അൽപം ദൂരെ മാറിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ബോഡിമെട്ട് ചുരം പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമെട്ട് ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തമിഴ്‌നാട് മുന്തലിനും പുലിയൂത്തിനും ഇടയിലായുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. മൂന്ന് പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ, അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇന്നലെ വൈകിട്ട് 4 മണി മുതൽ തുടങ്ങിയ മഴ ഇപ്പോഴും മേഖലയിൽ തുടരുകയാണ്. ഇന്നലെ അർധ രാത്രിയോട് കൂടിയാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. ബോഡിമെട്ട് മലയോര റോഡിൽ കൊണ്ടൈസൂചി വളവിലാണ് ആദ്യം മണ്ണിടിച്ചിൽ ഉണ്ടായത്.