ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മൂലമറ്റം, ശാസ്‌താനട എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ആളപായമില്ല.
ശക്തമായ മഴയിൽ ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ (31.07.2022) വൈകിട്ട് 6 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയത് എവിടെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകിപോവുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെ മൂലമറ്റം വലകെട്ടിഭാഗത്തും ഉരുൾപൊട്ടിയതായി സൂചനയുണ്ട്. മൂലമറ്റം മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. ജില്ല ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.