ഇടുക്കി: പ്ലാസ്റ്റിക് നിര്‍മാർജ്ജനം സമ്പൂര്‍ണമാക്കാന്‍ മുന്നിട്ടിറങ്ങി രാജാക്കാട് ഹരിതകര്‍മ്മ സേന. രാജാക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവര്‍ നേരിട്ടെത്തി ശേഖരിക്കുകയാണ്. കുടുംബശ്രീയുടെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികളും സജീവമാക്കി.
പ്ലാസ്റ്റിക് നിര്‍മാർജ്ജനവുമായി രാജാക്കാട് ഹരിതകര്‍മ്മ സേന
പഞ്ചായത്ത് മെമ്പര്‍മാരുടെയും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സേനയിലെ അംഗങ്ങള്‍ മുഴുവന്‍ കടകളിലും കയറി ബോധവല്‍ക്കരണം നടത്തുകയും പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്‌തു.
സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ നിലവില്‍ കടകളിലുള്ള സ്റ്റോക്കുകള്‍ എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികള്‍. ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടകളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടയില്‍ തന്നെ സൂക്ഷിക്കും. ഈ മാലിന്യം ആഴ്‌ചയില്‍ രണ്ട് തവണയായി ഹരിതകര്‍മ്മ സേന അംഗങ്ങള്‍ നേരിട്ടെത്തി ശേഖരിക്കും. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി മുഴുവന്‍ കുടുംബങ്ങളിലും ചണ സഞ്ചികളും പഞ്ചായത്ത് സൗജന്യമായി എത്തിച്ച് നല്‍കിയിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി തുണി സഞ്ചികളുടെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് പരിശീലനം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്ത് മെമ്പര്‍മാരുടെയും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സേനയിലെ അംഗങ്ങള്‍ മുഴുവന്‍ കടകളിലും കയറി ബോധവല്‍ക്കരണം നടത്തുകയും പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്‌തു.