കേരളം

kerala

ETV Bharat / state

വാഹനത്തിൽ നിന്നും തെറിച്ചു വീണ ഒന്നരവയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു - half-year-old gir fell from her car miraculously escaped

രാജമല അഞ്ചാംമൈലില്‍ വച്ചാണ് ജീപ്പ് വളവ് തിരിയുന്നതിനിടയില്‍ മാതാവിന്‍റെ മടിയില്‍ നിന്നും കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണത്. വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചു.

ഒന്നരവയസുക്കാരി

By

Published : Sep 9, 2019, 3:24 PM IST

Updated : Sep 9, 2019, 5:32 PM IST

ഇടുക്കി: ഒന്നര വയസുള്ള കുഞ്ഞ് വാഹനത്തില്‍ നിന്നും തെറിച്ച് പോയതറിയാതെ മൂന്ന് മണിക്കൂറോളം യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍. കമ്പളികണ്ടം സ്വദേശികളായ ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രാത്രിയില്‍ ജീപ്പില്‍ നിന്നും തെറിച്ചു വീണത്. ഞായറാഴ്ച്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം കമ്പളികണ്ടത്തേക്ക് മടങ്ങുമ്പോള്‍ മൂന്നാര്‍- രാജമല അഞ്ചാംമൈലില്‍ വച്ചാണ് ജീപ്പ് വളവ് തിരിയുന്നതിനിടയില്‍ അമ്മയുടെ മടിയില്‍ നിന്നും കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണത്. അമ്മയടക്കം വാഹനത്തിലുണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നതിനാല്‍ കുട്ടി തെറിച്ചു വീണ കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. യാത്ര തുടര്‍ന്ന സംഘം രാത്രി പന്ത്രണ്ടരയോടെ 50 കിലോമീറ്ററോളം ദൂരെയുള്ള കമ്പിളികണ്ടത്തെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. ഉടന്‍ തന്നെ വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചു.

കാറിൽ നിന്നും തെറിച്ച് വീണ ഒന്നരവയസുക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

അതേസമയം, വാഹനത്തില്‍ നിന്നും തെറിച്ചു വീണ കുട്ടിക്ക് ചെറിയ പരിക്ക് മാത്രമാണ് സംഭവിച്ചത്. വാഹനം പോയ ഉടനെ കുട്ടി റോഡിലൂടെ മുട്ടില്‍ ഇഴഞ്ഞ് നടന്നു. രാത്രി സമയത്ത് രാജമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലൂടെ കുട്ടി ഇഴഞ്ഞ് നടക്കുന്നത് സിസിടിവിയിലൂടെ കണ്ടു. ഉടന്‍ തന്നെ സ്ഥലത്തെത്തുകയും കുട്ടിയെ വനംവകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പിന്നീട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയുടെ നിർദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ്, മൂന്നാര്‍ പൊലീസുമായി ബന്ധപ്പെടുകയും കുട്ടിയെ റോഡില്‍ നിന്നും കണ്ടെടുത്ത വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മൂന്നാറിലെത്തിയ മാതാപിതാക്കള്‍ക്ക് പൊലീസിന്‍റെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ കുട്ടിയെ കൈമാറി.

നെറ്റിയില്‍ ചെറിയ തോതില്‍ പരിക്ക് സംഭവിച്ച കുട്ടിയെ തിങ്കളാഴ്ച്ച രാവിലെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. കുട്ടി പൂർണ ആരോഗ്യവതിയായതിനാല്‍ തിങ്കളാഴ്ച്ച ഉച്ചയോടെ ഇവർ ആശുപത്രി വിട്ടു. സംഭവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ മൊഴി മൂന്നാര്‍ പൊലീസ് രേഖപ്പെടുത്തും.

Last Updated : Sep 9, 2019, 5:32 PM IST

For All Latest Updates

TAGGED:

child

ABOUT THE AUTHOR

...view details