ഇടുക്കി:വരണ്ട കാലാവസ്ഥയിൽ മാത്രമല്ല തണുപ്പും കുളിരുമേറ്റ് മഞ്ഞുമൂടുന്ന ഇടുക്കിയുടെ മലനിരകളിലും മുന്തിരി വിളയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചെമ്മണ്ണാര്‍ സ്വദേശി വെട്ടുകാട്ടില്‍ അപ്പച്ചന്‍. കഴിഞ്ഞ നാല് വർഷമായി തന്‍റെ വീട്ടുമുറ്റത്ത് മുന്തിരി കൃഷി ചെയ്‌തു വരികയാണ് ഇദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്‌നാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് അതിർത്തി ഗ്രാമമായ കമ്പത്തെ മുന്തിരിപ്പാടങ്ങൾ. ചൂട് കാലാവസ്ഥയിൽ മാത്രം കൃഷി ചെയ്‌ത് വരുന്ന മുന്തിരി തണുപ്പും കുളിരുമേറ്റ് ഇടുക്കിയുടെ മലനിരകളിലും വിളഞ്ഞിരിക്കുകയാണ്.
നാല് വർഷത്തെ അനുഭവ സമ്പത്തിലൂടെയാണ് മുന്തിരി കൃഷി അപ്പച്ചന്‍ വിജയത്തിൽ എത്തിച്ചത്. പേരക്കുട്ടിക്ക് ഏറെ ഇഷ്‌ടമുള്ളതാണ് മുന്തിരി, എന്നാല്‍ വിപണിയില്‍ വിഷം കുത്തി നിറച്ചെത്തുന്ന മുന്തിരി കുഞ്ഞിന് നല്‍കാന്‍ അപ്പച്ചന് മനസ് വന്നില്ല. പിന്നീട് സ്വന്തമായി മുന്തിരി കൃഷി നടത്താന്‍ തീരുമാനിച്ചു.