ഇടുക്കി:ക്വാറിയിൽ വീണ മുത്തശ്ശിക്കും പേരക്കുട്ടികൾക്കും ദാരുണാന്ത്യം. ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയിൽ പാറ ക്വാറിയിലെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് സഹോദരിയും മുത്തശ്ശിയും മുങ്ങിമരിച്ചത്. കൊമ്പോടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയ്, ജാസ്‌മി ദമ്പതികളുടെ മക്കളായ ആൻമരിയ (8), അമേയ (4), ജാസ്‌മിയുടെ മാതാവ് എൽസമ്മ (50) എന്നിവരാണ് മരിച്ചത്.
ക്വാറിയിൽ വീണ് മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങിമരിച്ചു - മുങ്ങി മരണം
ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപത്താണ് സംഭവം
ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം. തുണി കഴുകാൻ പോയ സമയത്ത് പേരക്കുട്ടികളിൽ മൂത്തയാളായ ആൻമരിയ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ പുറകെ ചാടിയ എൽസമ്മയ്‌ക്കൊപ്പം ഇളയ കുട്ടി അമേയയും വെള്ളത്തിലേക്ക് വീണു.
ഇതോടെ മൂവരും മുങ്ങി പോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന എൽസമ്മയുടെ ഭർതൃസഹോദരി ബഹളം വച്ച് ആളുകളെ കൂട്ടി. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ഇവരെ കരയ്‌ക്കെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളത്തൂവൽ പൊലീസ് നടപടികൾ സ്വീകരിച്ചു.