ഇടുക്കി: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഇതിനായി എല്ലാ ഡിഎഫ്‌ഒമാരോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറക്ക് സാമ്പത്തികം കൂടി പരിഗണിച്ച് മുന്‍ഗണന പ്രകാരം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി മറയൂരില്‍ പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘര്‍ഷം: പരിഹാരം കാണാന്‍ സര്‍ക്കാര്‍, ഡിഎഫ്‌ഒമാരോട് വനംമന്ത്രി റിപ്പോര്‍ട്ട് തേടി - wild animal attack in idukki
ഇടുക്കി വനയോര മേഖലകളില്‍ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍
ഇടുക്കിയില്‍ മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ അടക്കമുള്ള വനയോര മേഖലകളില്‍ അടുത്ത നാളുകളായി കാട്ടാന, കാട്ടുപോത്ത്, പുലി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. കാട്ടാന അക്രമണത്തില്‍ ചിന്നക്കനാല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടമായതോടെ ജില്ലയിലാകെ പ്രതിഷേധം ശക്തമായി. ഇടത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് വിഷയത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍. മൂന്നാര്‍, മറയൂര്‍ ഫോറസ്റ്റ് ഡിവിഷനുകള്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് വിവരം.